Sorry, you need to enable JavaScript to visit this website.

ബിന്ദുകൃഷ്ണക്കായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കെ.എസ്.യു നേതാവിന് സസ്‌പെന്‍ഷന്‍

ആലപ്പുഴ- രാജ്യസഭയിലേക്കു ബിന്ദു കൃഷ്ണ മതിയായിരുന്നെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട കെ.എസ്.യു   സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.വി. സ്നേഹയെ അച്ചടക്കം ലംഘിച്ചതിനു സസ്പെന്‍ഡു ചെയ്തു. എന്‍.എസ്.യു (ഐ) ദേശീയ സെക്രട്ടറി ഷൗര്യവീര്‍ സിംഗാണ് നടപടിയെടുത്തത്. സംസ്ഥാന ഘടകത്തില്‍നിന്നുള്ള പരാതിയെത്തുടര്‍ന്നാണിതെന്ന് കത്തില്‍ പറയുന്നു.

പുറത്താക്കിയത് വിശദീകരണം കേള്‍ക്കാതെയും ഏകപക്ഷീയമായാണെന്നും സ്നേഹ കുറ്റപ്പെടുത്തി. ചിലര്‍ക്കെതിരേ മാത്രമേ നടപടിയുള്ളൂ. കഴിഞ്ഞദിവസം ഒരു കെ.പി.സി.സി.സി അംഗം രമേശ് ചെന്നിത്തലയെ ആക്ഷേപിച്ചു. നടപടിയുണ്ടായില്ല. അഞ്ചുവര്‍ഷം മുമ്പ് നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റിയാണ് കെ.എസ്.യു.വിനുള്ളത്. ഈ കമ്മിറ്റി പരിച്ചുവിടണമെന്ന് ഒരുമാസം മുന്‍പു ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്നു താന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു- സ്നേഹ പറഞ്ഞു.

മഹാരാജാസ് കോളേജിലെ കെ.എസ്.യു യൂണിറ്റിനു നേതൃത്വം നല്‍കിയ സ്നേഹ പത്തുവര്‍ഷമായി കെ.എസ്.യു.വിന്റെ സമരരംഗങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രനടയില്‍ അമ്മക്കൊപ്പം തട്ടുകട നടത്തിയാണ് ജീവിക്കുന്നത്. ബിരുദാനന്തരബിരുദധാരിയാണ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗവുമാണ്.

 

Latest News