തിരുവനന്തപുരം- ഇന്ധനവില വര്‍ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമരത്തിലേക്ക്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് സര്‍ക്കാര്‍ തള്ളിവിടുകയായിരുന്നെന്നും ഉടമകള്‍ പറഞ്ഞു.
ബസുടമകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരമാണ് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്നത്. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ വര്‍ധിപ്പിക്കുക എന്നിങ്ങനെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
എന്നാല്‍ സമരത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.