ന്യൂദൽഹി- അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമാനചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് മുന്നോട്ടുപോകുമെന്ന് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 84-ാമത് പ്ലീനറി സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകൾ ഒഴിവാക്കി ബാലറ്റിലേക്ക് മടങ്ങണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കൂറുമാറ്റ നിരോധന നിയമമനുസരിച്ച് കൂറുമാറുന്നവർക്ക് ആറുവർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ദൽഹിയിൽ ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്നത്. ഈ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് പുതിയ നിർദ്ദേശങ്ങൾ കോൺഗ്രസ് മുന്നോട്ടുവെച്ചത്. രാജ്യത്തെങ്ങും വെറുപ്പ് പടരുകയാണെന്നും രാജ്യം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ കർത്തവ്യം രാജ്യത്തെ ഒന്നിപ്പിക്കലാണ്. ഇതിനായി ഒരുമിച്ച് മുന്നിട്ടിറിങ്ങണം. കോൺഗ്രസിനു മാത്രമെ ഈ രാജ്യത്തിനു വഴികാട്ടാൻ കഴിയൂ.ബി.ജെ.പി വെറുപ്പിന്റെ ഭാഷയാണ് പ്രയോഗിക്കുന്നത്. എന്നാൽ നമ്മൾ സ്‌നേഹമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. എല്ലാം ഉൾക്കൊണ്ടാണ് നാം മുന്നോട്ടുപോകുന്നതെന്നും രാഹുൽ വ്യക്തമാക്കി.