ചണ്ഡീഗഡ്- നിര്‍ബന്ധിത പരിവര്‍ത്തനത്തിന് അറസ്റ്റിലാകുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കുന്ന മതപരിവര്‍ത്തന ബില്‍ ഹരിയാന നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബില്‍ പാസായത്. അനാവശ്യ ബില്ലാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ചു.
പ്രായപൂര്‍ത്തിയാകാത്തവരേയോ പട്ടിക വര്‍ഗത്തില്‍ പെട്ട ഒരു സ്ത്രീയേയോ വ്യക്തിയേയോ മതപരിവര്‍ത്തനം ചെയ്താല്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവ് ലഭിക്കും. അത് പത്ത് വര്‍ഷം വരെ നീണ്ടേക്കാം. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കാം.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കാനുള്ള നിയമം നിലവിലുണ്ടെന്നും പ്രത്യേക നിയമം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
ഹരിയാനയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും ബില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരി പറഞ്ഞു. ഹിമാചല്‍ പ്രദേശും ഉത്തര്‍പ്രദേശും അടക്കം ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന ബില്‍ പാസാക്കിയിട്ടുണ്ട്.