ബംഗളൂരു- ഹൈദരാബാദിൽ നിന്നും ബംഗളുരു വിമാനത്താവളത്തിലിറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം റൺവേയുടെ ഒരു വശത്തേക്ക് തെന്നി റൺവേ സുരക്ഷാ ലൈറ്റുകൾ തകർത്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. തുടർന്ന് അരമണിക്കൂറോളം വിമാന സർവീസുകൾ തടസപ്പെട്ടു. പത്തു വിമാനങ്ങൽ വഴിമാറ്റി വിടുകയും ചെയ്തു. ലാൻഡ് ചെയ്ത വിമാനം പാക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നാലു റൺവേ ലൈറ്റുകൾ തകർന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്തിന് കേടുപാടുകളില്ലെന്ന് അധികൃതർ പറഞ്ഞു. വിമാനം പിന്നീട് സാധാരണ പോലെ പാർക്കിങ് ബേയിലേക്ക് മാറ്റുകയും യാത്രാക്കാരെ ഇറക്കുകയും ചെയ്തു. റൺവെ അടച്ചിട്ടതിനെ തുടർന്ന് എട്ടു വിമാനങ്ങൾ ചെന്നൈയിലേക്കും രണ്ടു വിമാനങ്ങൾ കോയമ്പത്തൂർ, ട്രിച്ചി എന്നിവിടങ്ങളിലേക്കും വഴി തിരിച്ചു വിട്ടു.