ന്യൂദല്‍ഹി- കശ്മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കിയ ദി കശ്മീര്‍ ഫയല്‍സ് കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതൊരു പ്രചാരണ സിനിമ മാത്രമാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ മേധാവി എ.എസ്. ദുലത്ത്.
പണ്ഡിറ്റുകളെ പോലെ മുസ്്‌ലിംകള്‍ക്കും താഴ്‌വര വിടേണ്ടി വന്നിട്ടുണ്ടെന്നും തിരികെ എത്തിയ പണ്ഡിറ്റുകളെ സംരക്ഷിച്ചത് മുസ്്‌ലിംകളാണെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റുകള്‍ക്കായി വളരെ കുറച്ച് മാത്രമേ ചെയ്തിട്ടുള്ളൂ. ചുരുക്കം പേര്‍ക്ക് മാത്രമാണ് കശ്മീരിലേക്ക് മടങ്ങാന്‍ തോന്നിയത്. പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ നടത്തിയത് അധരവ്യായാമം മാത്രമാണ്.
പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് മടങ്ങിയാല്‍ അയല്‍ക്കാരും സുഹൃത്തുക്കളുമായിരിക്കും അവരുടെ സംരക്ഷകരെന്ന് ദുലത്ത് പറഞ്ഞു. പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് പ്രത്യേക കോളനികള്‍ തന്നെ നിര്‍മിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ ഫയല്‍സ് സിനിമയുടെ മറവില്‍ ബി.ജെ.പിയും സംഘ്പരിവാറും വിദ്വേഷ പ്രചാരണം തുടരുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമക്ക് നികുതി ഇളവ് നല്‍കി. സിനിമയുടെ പ്രചാരണം തടയന്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചത്. ഇരു സമുദായങ്ങളേയും ഭിന്നിപ്പിക്കുകയെന്ന ദുഷ്ടലാക്കോടെയാണ് സിനിമയുടെ മറവില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നതെന്നാണ് കശ്മീരി സംഘടനകളുടെ ആരോപണം.