കണ്ണൂര്‍- കെ റെയില്‍ സമരത്തിന് പിന്നില്‍ ജനങ്ങള്‍ അല്ല ചില വിവര ദോഷി കൂട്ടങ്ങള്‍ മാത്രമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.
സില്‍വര്‍ലൈന്‍ വണ്ടിയില്‍ ആദ്യം കയറുന്നത്, പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെയായിരിക്കും.
കെ. റെയില്‍ പദ്ധതി നാട് ആവശ്യപ്പെടുന്ന ഒന്നാണ്. അത് എന്തു വില കൊടുത്തും നടപ്പാക്കുക തന്നെ ചെയ്യും. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ജനങ്ങള്‍ വികസനമാണ് ആഗ്രഹിക്കുന്നത്. ജനങ്ങളുടെ മൊത്തം അഭിപ്രായം പറയാന്‍ കോണ്‍ഗ്രസ് ജനങ്ങളുടെ അതോറിറ്റി യാണോ? കോണ്‍ഗ്രസ്സിന് എന്തു ശക്തിയാണ് ഉള്ളത്. മുസ്ലിം ലീഗിന്റെ തണലില്‍ കഴിയുന്ന പാര്‍ട്ടിയല്ലേ കോണ്‍ഗ്രസ്. ലീഗിന്റെ പിന്തുണ ഇല്ലെങ്കില്‍ ഒരു മണ്ഡലത്തിലെങ്കിലും കോണ്‍ഗ്രസ്സിന് വിജയിക്കാനാവുമോ? വി.ഡി.സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ കുറ്റിപറിക്കാന്‍ പോയ്‌ക്കോട്ടെ- ജയരാജന്‍ പരിഹസിച്ചു.
ഏത് പദ്ധതിയെയാണ് കോണ്‍ഗ്രസ് എതിര്‍ക്കാതിരുന്നിട്ടുള്ളത്. കിഫ്ബിയെ ഇതിനെക്കാള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തലയില്‍ മുണ്ടിട്ട് കിഫ് ബി ഓഫീസിന് മുന്നില്‍ ഫണ്ടിനായി കാത്തു നില്‍ക്കയാണ്. കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ ഉണ്ടെന്ന ആരോപണം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉണ്ടായതാണെന്നാണ് കരുതുന്നത്. വലതുപക്ഷ ശക്തികളും തീവ്രവാദ ആശയങ്ങളുള്ള ഗ്രൂപ്പുകളും സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്-ജയരാജന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാതിരുന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാതിരിക്കില്ല. ഇവര്‍ പങ്കെടുത്തില്ലെങ്കില്‍ സി.പി.എം ഇല്ലാതാവുകയുമില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ വേദിയില്‍, സ്വന്തം പാര്‍ട്ടിയുടെ നിലപാട് അവതരിപ്പിക്കാനുള്ളതാണ് സെമിനാറുകള്‍. ഇതില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നം? പങ്കെടുക്കുന്നില്ലെങ്കില്‍, അവരോട് പോയി പണി നോക്കാന്‍ പറ എന്നു മാത്രമേ പറയാനുള്ളൂ-ജയരാജന്‍ പറഞ്ഞു.