റിയാദ് - ഉക്രൈന് സംഘഷത്തിന് പരിഹാരം കാണാന്‍ ശ്രമിച്ച് റഷ്യക്കും ഉക്രൈനുമിടയില്‍ മധ്യസ്ഥശ്രമം നടത്താന്‍ ഒരുക്കമാണെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സമാധാന ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ കുറിച്ച് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവുമായി ചര്‍ച്ച നടത്തി.
സൗദി വിദേശ മന്ത്രി റഷ്യന്‍ വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഉക്രൈന് സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനെ സൗദി അറേബ്യ പിന്തുണക്കുമെന്ന് സൗദി വിദേശ മന്ത്രി വ്യക്തമാക്കി. സൗദി അറേബ്യയുടെയും റഷ്യയുടെയും താല്പര്യങ്ങള് നേടുന്ന നിലക്ക് ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ച് ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനും സെര്‍ജി ലാവ്റോവും ചര്‍ച്ച നടത്തി.
നേരത്തെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിനുമായി സൗദി കിരീടാവകാശി ഫോണില്‍ സംസാരിച്ചിരുന്നു. ഉക്രൈന് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുമെന്നും ഉക്രൈനും റഷ്യക്കുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്താന്‍ സൗദി അറേബ്യ ഒരുക്കമാണെന്നും പുട്ടിനെ സൗദി കിരീടാവകാശി അറിയിച്ചിരുന്നു.