Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടും  ചോറ്റാനിക്കരയിലും  കെ-റെയില്‍ സര്‍വേ മാറ്റിവെച്ചു

കോഴിക്കോട്- സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള അതിരടയാള കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. കോഴിക്കോടും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും ഇന്നത്തെ സില്‍വര്‍ ലൈന്‍ കല്ലിടല്‍ സര്‍വേ മാറ്റിവെച്ചു. പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍വേ മാറ്റിവെച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് കല്ലിടല്‍ ഒഴിവാക്കി സര്‍വേ മാത്രം നടത്തുമെന്നാണ് സൂചന. സര്‍വേ നടത്തുന്ന ഭൂമിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് കല്ലിടല്‍ താല്‍ക്കാലികമായി മാറ്റിവെച്ചതെന്നാണ് വിശദീകരണം. സര്‍വേ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം തിരുനാവായയിലും നാട്ടുകാര്‍ പ്രതിഷേധവുമായി തമ്പടിച്ചിട്ടുണ്ട്. ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.കോട്ടയം നാട്ടാശ്ശേരിയില്‍ ഇന്നു രാവിലെ എട്ടരയോടെയാണ് വന്‍ പോലീസ് സന്നാഹത്തോടെ കല്ലിടല്‍ നടപടികള്‍ പുനഃരാരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. സര്‍വേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് നാട്ടുകാരും പോലീസും ഏറ്റുമുട്ടി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടെ സ്ഥലത്തേക്ക് കടത്തിവിടാതെ പോലീസ് വഴി തടഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും പോലീസ് കടത്തിവിട്ടില്ല. വഴിതടഞ്ഞ് ആരെയും അറിയിക്കാതെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് പാറമ്പുഴയാണെന്നും പാക്കിസ്ഥാന്‍ അതിര്‍ത്തി അല്ലെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സ്ഥലത്തെത്തി. 


 

Latest News