Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി- കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാത്ത നിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് നടപടി. നിയമനം ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.  നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സിന്‍ഡിക്കേറ്റ് നേരിട്ട് നിയമനം നടത്തുകയായിരുന്നുവെന്നാണ് ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്.
നിയമപ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെയും അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടതു ചാന്‍സലറാണെന്നും നിയമനം നടത്തേണ്ടതു സിന്‍ഡിക്കേറ്റ് ആണെന്നുമാണു ഗവര്‍ണര്‍ വിശദീകരിച്ചത്. വൈസ് ചാന്‍സലറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുന്‍പു ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചിരുന്നതെന്നും നിലവിലെ വൈസ് ചാന്‍സലറും മുന്‍പു ശുപാര്‍ശ നല്‍കിയിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

ചാന്‍സലറുടെ അധികാരം കവര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം നടത്തിയിരിക്കുന്നതെന്നും യോഗ്യതയില്ലാത്തവരെ നിയമിച്ചെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാലാ സെനറ്റ് അംഗം വി.വിജയകുമാര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവര്‍ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവര്‍ണറുടെ നാമനിര്‍ദേശം ഇല്ലാതെ സിന്‍ഡിക്കേറ്റ് തന്നെ നേരിട്ടു നിയമിക്കുന്നതിനുള്ള ചട്ട ഭേദഗതി നിര്‍ദേശം കഴിഞ്ഞ സിന്‍ഡിക്കറ്റ് യോഗം അംഗീകരിച്ചിരുന്നു. ഈ തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. ചാന്‍സലര്‍ പദവി ഒഴിയുന്നതായി ഗവര്‍ണര്‍ പ്രഖ്യാപിച്ച ശേഷമായിരുന്നു സിന്‍ഡിക്കേറ്റ് നീക്കം.

 

Latest News