മോസ്‌കോ- യുക്രൈനില്‍ റഷ്യയുടെ ആക്രമണം ശക്തമായി തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കാമുകിക്കെതിരായ ഓണ്‍ലൈന്‍ ഹര്‍ജിയില്‍ ഒപ്പുവെക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഓണ്‍ലൈന്‍ ഹര്‍ജി പോര്‍ട്ടലായ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗിലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. പുടിന്റെ കാമുകി എന്നവകാശപ്പെടുന്ന മുന്‍ ജിംനാസ്റ്റും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ അലിന കബയേവ മൂന്ന് മക്കള്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ആഡംബര വില്ലയില്‍ ഒളിവില്‍ കഴിയുകയാണെന്നും ഇവരെ സ്വിറ്റ്‌സര്‍ലന്‍ഡ് പുറത്താക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. റഷ്യ, യുക്രൈന്‍, ബെലറൂസ് എന്നീ രാജ്യങ്ങളില്‍ നിന്നുവരാണ് ഈ ഹര്‍ജിയെ പിന്തുണച്ച് ഒപ്പുവെക്കുന്നവരില്‍ ഏറെ പേരും.
അലിന കബയേവ പുടിന്റെ കാമുകിയാണെന്ന് ദി ഗാര്‍ഡിയന്‍ പോലുള്ള പല മാധ്യമങ്ങളും നേരത്തെ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പുടിന്‍ ഇതു സംബന്ധിച്ച് ഇതുവരെ ക മാന്ന് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. യുക്രൈന്‍ യുദ്ധം തുടങ്ങിയതിനു പിന്നാലെ അലിനയെ പുടിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് മാറ്റിയെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കെതിരെ ഈ ഹര്‍ജി. ഇതിനകം അരലക്ഷത്തിലേറെ പേര്‍ ഒപ്പുവച്ചു. പുടിന്റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായി അലിന ആറു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. റഷ്യന്‍ സര്‍ക്കാര്‍ അനുകൂല മാധ്യമ കമ്പനിയായ നാഷനല്‍ മീഡിയ ഗ്രൂപ്പിന്റെ ബോര്‍ഡ് അധ്യക്ഷയാണ് അലിന. ഏഴു വര്‍ഷമായി ഈ പദവിയില്‍. ഇവരെ വളരെ അപൂര്‍വമായി മാത്രമെ പൊതുരംഗത്ത് കാണാറുള്ളൂ. 2004 ഒളിംപിക്‌സിലെ റിഥമിക് ജിംനാസ്റ്റ്കിസ് സ്വര്‍ണ മെഡല്‍ ജേതാവാണ്.