ബംഗളൂരു- കര്‍ണാടകയിലെ ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷക്ക് അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ച പ്രാക്ടിക്കല്‍ പരീക്ഷക്ക് വീണ്ടും അവസരം നല്‍കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. കര്‍ണാടകയില്‍ 12ാം ക്ലാസ് പി.യു സെക്കന്‍ഡ് എന്നാണറിയപ്പെടുന്നത്.
പുനഃപരീക്ഷ നടത്തുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ആവശ്യം പൂര്‍ണമായും നിരാകരിച്ചിരിക്കയാണ്. ബോര്‍ഡ് പരീക്ഷകളുടെ ഭാഗമായി നടത്തിയ പ്രാക്ടിക്കലിന് ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ പ്രാക്ടിക്കല്‍ പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷക്ക് അനുമതി നല്‍കിയാല്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് രണ്ടാമതൊരു അവസരം തേടി വരുന്നവര്‍ക്കും നല്‍കേണ്ടി വരുമെന്ന് െ്രെപമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി. സി നാഗേഷ് പറഞ്ഞു.
പി.യു പരീക്ഷകളില്‍, പ്രാക്ടിക്കലിന് 30 മാര്‍ക്കും തിയറിക്ക് 70 മാര്‍ക്കുമാണുള്ളത്. പ്രാക്ടിക്കലിന് ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 30 മാര്‍ക്ക് മുഴുവനായും നഷ്ടപ്പെടുമെങ്കിലും, 70 മാര്‍ക്കിന്റെ തിയറി പരീക്ഷ എഴുതി പാസാകാന്‍ സാധിക്കും.