വാഷിംഗ്ടണ്‍-പത്ത് ലക്ഷം റോഹിങ്ക്യ വംശജരുടെ പലായനത്തിനു കാരണമായ മ്യാന്‍മറിലെ സൈനിക നടപടി വംശീയ ഉന്മൂലനമാണെന്ന് അഞ്ച് വര്‍ഷത്തിനു ശേഷം അമേരിക്ക സ്ഥിരീകരിച്ചു.
അഞ്ച് വര്‍ഷം മുമ്പ് മ്യാന്മര്‍ പട്ടാളം നടത്തിയ കൊള്ളയും കൊള്ളിവെപ്പും ബലാത്സംഗങ്ങളും ഉള്‍പ്പെടെയുള്ള അതിക്രമങ്ങളാണ് പത്ത് ലക്ഷത്തിലേറെ പേരെ നാടുവിടാന്‍ പ്രേരിപ്പിച്ചത്. അഭയാര്‍ഥികളില്‍ ബഹുഭൂരിഭാഗവും ബംഗ്ലാദേശിലാണ്.
അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ 2018 ല്‍ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളാണ് അമേരിക്ക വംശഹത്യയായി സ്ഥിരീകരിച്ചത്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്റെ പ്രഖ്യാപനം മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരെ അധിക സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സഹായം കുറക്കുന്നതിനും നിര്‍ബന്ധിതമാക്കും.
മ്യാന്‍മറിലെ സിവിലിയന്‍ ഗവണ്‍മെന്റിനെയും നോബല്‍ സമ്മാന ജേതാവ് ഡോ ഓങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ ശ്രമങ്ങളെയും മ്യാന്മര്‍ സൈനിക ജണ്ട 2021 ഫെബ്രുവരിയില്‍ അട്ടിമറിച്ചു.
യു.എസില്‍ ബൈഡന്‍ ഭരണ കൂടം ചുമതലയേറ്റയുടന്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ മ്യാന്മറില്‍ സംഭവിച്ചത് സൈനിക അട്ടിമറിയാണെന്ന് വ്യക്തമാക്കിയിരുന്നു.
റോണള്‍ഡ് ട്രംപിന്റെ കാലത്തുതന്നെ ചര്‍ച്ച ആരംഭിച്ചിരുന്നുവെങ്കിലും മുസ്ലിം ഭൂരിപക്ഷമടങ്ങുന്ന വംശീയ വിഭാഗമായ റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്‍മര്‍ വംശഹത്യ നടത്തിയെന്ന വസ്തുത അംഗീകരിക്കുന്നത് നീണ്ടുപോകുകയായിരുന്നു. വംശീയ ഉന്മൂലനമാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഔപചാരികമായി പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലായിരുന്നു ചര്‍ച്ച.