ലഖ്‌നൗ-വിദ്വേഷ പ്രചാരണത്തിനായി സംഘ്പരിവാര്‍ ഉപയോഗിക്കുന്നതിലൂടെ വിവാദത്തിലായ ദി കശ്മീര്‍ ഫയല്‍സ് സിനിമയുടെ അണിയറ പ്രവര്‍ത്തകരായ
സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി, നടന്മാരായ അനുപം ഖേര്‍, പല്ലവി ജോഷി, നിര്‍മാതാവ് അഭിഷേക് അഗര്‍വാള്‍ എന്നിവര്‍ ലഖ്‌നൗവിലെത്തി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കണ്ടു.
മതഭ്രാന്തിന്റെയും ഭീകരതയുടെയും മനുഷ്യത്വരഹിതമായ ഭീകരതയെ ധൈര്യപൂര്‍വ്വം തുറന്നുകാട്ടുന്ന സിനിമയാണിതെന്നും സമൂഹത്തെയും രാജ്യത്തെയും ബോധവല്‍ക്കരിക്കാന്‍ ഇതിലൂടെ കഴിയുമെന്നും
കൂടിക്കാഴ്ചയ്ക്ക് ശേഷം യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ചിന്തോദ്ദീപകമായ ചിത്രം നിര്‍മിച്ചതിന് മുഴുവന്‍ ടീമിനേയും അദ്ദേഹം അഭിനന്ദിച്ചു.
മാര്‍ച്ച് 11 ന് തിയേറ്ററുകളില്‍ എത്തിയ കശ്മീര്‍ ഫയല്‍സ് ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. 160 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയാണ് ചിത്രം വിവരിക്കുന്നത്.
വിദ്വേഷ പ്രചാരണത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ബി.ജെ.പിയും സംഘ്പരിവാറും സിനിമെ ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം. സിനിമക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ട്.
സംവിധായകന്‍ അഗിനഹോത്രി സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗമായതിനാലാണ് ചിത്രം വെട്ടിക്കുറക്കാതെ സിബിഎഫ്‌സി പാസാക്കിയതെന്ന് ടി.എം.സി വക്താവ് സാകേത് ഗോഖലെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരോപിച്ചു. എല്ലായ്‌പ്പോഴും എന്നതുപോലെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ചെറിയ ഇടവേള നല്ലതാണെന്നും കുറഞ്ഞത് മരിച്ചവരെ ബഹുമാനിക്കണമെന്നുമാണ് ഇതോട് അഗ്നിഹോത്രി പ്രതികരിച്ചത്.