Sorry, you need to enable JavaScript to visit this website.

മുസ്ലിംകളെ കൊന്നവരെ കുറിച്ചും സിനിമയെടുക്കണം; ട്വീറ്റ് ചെയ്ത ഐഎഎസ് ഓഫീസര്‍ക്കെതിരെ മന്ത്രി

ഭോപാല്‍- കശ്മീർ ഫയല്‍സ് എന്ന സിനിമ പോലെ വിവിധ സംസ്ഥാനങ്ങളില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട മുസ് ലിം ന്യൂനപക്ഷങ്ങളുടെ കഥ പറയുന്ന സിനിമയും നിര്‍മിക്കണമെന്ന് ട്വീറ്റ് ചെയ്ത മധ്യപ്രദേശിലെ ഐഎഎസ് ഓഫീസര്‍ വെട്ടിലായി. പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നിയാസ് ഖാന്‍ ആണ് കശ്മീർ ഫയല്‍സ് ചിത്രത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. ബ്രാഹ്‌മണരുടെ വേദനകളാണ് കശ്മീർ ഫയല്‍സ് കാണിക്കുന്നത്. അവരെ അഭിമാനത്തോടെ സുരക്ഷിതമായി കശ്മീരില്‍ ജിവിക്കാന്‍ അനുവദിക്കണം. ഈ സിനിമ നിര്‍മിച്ച പ്രൊഡ്യൂസര്‍ വിവിധ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ കൊല്ലപ്പെട്ട മുസ്ലിംകളെ കുറിച്ചും ഒരു സിനിമ നിര്‍മിക്കണം- എന്നായിരുന്നു നിയാസ് ഖാന്റെ ഒരു ട്വീറ്റ്.

നിയാസ് ഖാന്‍ വിഭാഗീയത ഉണ്ടാക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് ആവശ്യപ്പെട്ടു. ട്വിറ്ററില്‍ ഇങ്ങനെ പ്രസ്താവനകള്‍ ഇറക്കാന്‍ അദ്ദേഹത്തിന് അവകാശമില്ല. ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

സിനിമ 150 കോടി രൂപ നേടിയതില്‍ പ്രൊഡ്യൂസറെ നിയാസ് ഖാന്‍ അഭിനന്ദിക്കുകയും ചെയ്തു. കശ്മീരി ബ്രാഹ്‌മണരുടെ ദുരവസ്ഥകളെ ജനങ്ങള്‍ മാനിച്ചത് കണക്കിലെടുത്ത് ഈ പണം ബ്രാഹ്‌മണ കുട്ടികളുടെ വിദ്യാഭ്യാസത്തിനും കശ്മീരില്‍ അവര്‍ക്ക് വീട് നിര്‍മിക്കാും  ചെലവഴിക്കണമെന്നും നിയാസ് ഖാന്‍ മറ്റൊരു ട്വീറ്റില്‍ ആവശ്യപ്പെട്ടു. 

ട്വീറ്റിനു മറുപടിയായ കശ്മീർ ഫയല്‍സ് സംവിധായകനും സംഘപരിവാര്‍ സഹയാത്രികനുമായ വിവേക് അഗ്നിഹോത്രി മാര്‍ച്ച് 25ന് നിയാസ് ഖാനെ കൊട്ടിക്കൊണ്ട് നേരിട്ടു കാണാന്‍ സമയം തേടുകയും ചെയ്തു. പുസ്തകങ്ങള്‍ എഴുതിയതു വഴി ലഭിച്ച റോയല്‍റ്റി തുകയും ഐഎഎസ് ഓഫീസറെന്ന അധികാരവും ഉപയോഗിച്ച് എങ്ങനെ സഹായിക്കാമെന്നതു സംബന്ധിച്ച് നേരിട്ട് ആശയവിനിമയം നടത്താമെന്നാണ് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്. 

പല കാലങ്ങളിലും മുസ്ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെ കുറിച്ച് ഒരു പുസ്തകമെഴുതി ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇന്ത്യക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും നിയാസ് ഖാന്‍ പറഞ്ഞു.

Latest News