കണ്ണൂര്‍- സില്‍വര്‍ ലൈനിന്റെ പേരില്‍ സര്‍ക്കാരിനെതിരെ വിമോചന സമര മോഡല്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും, 57 -59 കാലഘട്ടമല്ല ഇതെന്ന് ഇവര്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
ചങ്ങനാശ്ശേരിയില്‍ കെ റെയിലിന് നേരെ നടന്ന സമരം ആസൂത്രിതമായിരുന്നു. ഒരു സ്ത്രീയേയും കുട്ടിയേയും മുന്നില്‍ നിര്‍ത്തി ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു സമരം. പോലീസിന്റെ അവസരോചിതമായ ഇടപെടലിലാണിവര്‍ രക്ഷപ്പെട്ടത്. മണ്ണെണ്ണ ദേഹത്തൊഴിച്ചു നടത്തിയ ഈ സമരത്തില്‍ അവര്‍ വെന്തുമരിച്ചിരുന്നുവെങ്കില്‍ ആര് സമാധാനം പറയും. പോലീസ് സ്ത്രീയോട് അതിക്രമം കാണിക്കുകയായിരുന്നില്ല, മറിച്ച് അവരെ രക്ഷിക്കുകയായിരുന്നു. അതിന് പോലീസിനെ പ്രകീര്‍ത്തിക്കുകയാണ് വേണ്ടത്. സമര സ്ഥലത്ത് ഒരു കേന്ദ്ര മന്ത്രിയും, സമുദായ നേതാവും മതമേലധ്യക്ഷനും ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. 57 കാലത്തെ വിമോചന സമരമാതൃകയില്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.ഈ കൂട്ടുകെട്ടില്‍ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള സംഘടനകള്‍ ഉണ്ട്. എന്നാല്‍ ഇത് 57- 59 കാലഘട്ടമല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.ഇവര്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നതില്‍ എതിര്‍പ്പില്ല. അത് കെ റെയിലിന്റെ പേരില്‍ വേണ്ട കോടിയേരി പറഞ്ഞു.