ഹൈദരാബാദ്- മക്കാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ആര്‍. എസ്,എസ് നേതാവ് സ്വാമി അസിമാനന്ദ നല്‍കിയ കുറ്റസമ്മത രേഖ കോടതിയില്‍നിന്ന് അപ്രത്യക്ഷമായി. മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മാലേഗാവ് തുടങ്ങിയ മുസ്്‌ലിം കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്തിയ ആര്‍.എസ്.എസ് പദ്ധതികള്‍ വെളിപ്പെടുത്തുന്ന സുപ്രധാന രേഖയാണ് കീഴ്‌കോടതിയില്‍നിന്ന് കാണാതായതായി അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ മക്കാ മസ്ജിദ് സ്‌ഫോടനക്കേസ് എന്‍.ഐ.എക്ക് കൈമാറുന്നതിനു മുമ്പ് അന്വേഷിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ബി.ഐ എസ്.പി ടി. രാജ ബാലാജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെളിവുകള്‍ രേഖപ്പെടുത്തുന്നതിനിടെയാണ് കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടാക്കിയേക്കാവുന്ന അസിമാനന്ദയുടെ കുറ്റസമ്മത മൊഴികളടങ്ങിയ രേഖ കാണാനില്ലെന്ന് അദ്ദേഹം കണ്ടെത്തിയത്.
മക്കാ മസ്ജിദ് സ്‌ഫോന കേസിലെ ഗൂഢാലോചന വിശദമായി തന്നെ നബ കുമാര്‍ സര്‍ക്കാര്‍ എന്ന അസിമാനന്ദ സി.ബി.ഐയോട് വിശദീകരിച്ചിരുന്നു. മറ്റു പല സ്‌ഫോടനക്കേസുകള്‍ക്കും തുമ്പുണ്ടാക്കിയ അസിമാനന്ദയുടെ മൊഴി അടങ്ങിയ ഈ രേഖ കേസില്‍ നിര്‍ണായകമായിരുന്നു. കുറ്റസമ്മത മൊഴി പ്രതിക്കെതിരായ തെളിവായാണ് കോടതി പരിഗണിക്കുക. കുറ്റസമ്മത മൊഴി നമ്പര്‍ 88 എന്ന പേരില്‍ എന്‍.ഐ.എ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ രേഖയാണ് കീഴ്‌കോടതിയില്‍നിന്ന് കാണാതായിരിക്കുന്നത്.
2007 മേയ് 18-ന് വെള്ളിയാഴ്ചയാണ് ഹൈദരാബാദിലെ മക്ക മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസ് വിചാരണയുടെ ഭാഗമായി ആര്‍.എസ്.എസ് പ്രചാരകുമാരുള്‍പ്പെടെ നൂറിലേറെ സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇവരില്‍ പലരും പിന്നീട് കൂറുമാറി.
2010 ഡിസംബര്‍ 18നാണ് മക്കാ മസ്ജിദ് സ്‌ഫോടനത്തില്‍ അസിമാനന്ദ കുറ്റസമ്മതം നടത്തിയത്. ഹിന്ദുത്വ തീവ്രവാദികള്‍ മുസ്്‌ലിം കേന്ദ്രങ്ങളില്‍ നടത്തിയ നിരവധി സഫോടനക്കേസുകളില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് അസിമാനന്ദ. അജ്മീര്‍ ദര്‍ഗയിലും മാലേഗാവിലും സംഝോതാ എക്‌സ്പ്രസിലും നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധമുള്ളതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളായ ഇന്ദ്രേശ് കുമാര്‍, കൊല്ലപ്പെട്ട ആര്‍. എസ്.എസ് പ്രചാരക് സുനില്‍ ജോഷി, സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍, സന്ദീപ് ഡാങ്കെ, രാംജി കലസങ്കര തുടങ്ങിയ നിരവധി പേരുകളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇന്ദ്രേശ് കുമാറിന്റെ സാമ്പത്തിക സഹായത്തോടെ പദ്ധതിയിട്ട നിരവധി സ്‌ഫോടനങ്ങല്‍ സുനില്‍ ജോഷിയും സംഘവുമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുത്വ തീവ്രവാദികളുടെ സ്‌ഫോടനങ്ങള്‍ പുറത്തു വന്നു തുടങ്ങിയതോടെയാണ് സുനില്‍് ജോഷി ദുരൂഹമായി കൊല്ലപ്പെട്ടത്.