ന്യൂദല്‍ഹി- സഹോദരിയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുങ്ങിയ യുവതി നാല് വര്‍ഷത്തിനുശേഷം പിടിയില്‍. 2015ല്‍ സാഗര്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് നിധിയെന്ന 27 കാരിയെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
സഹോദരിയുടെ കാമുകനായ സാഗറിനെ നിധിയും ഭര്‍ത്താവ് രാഹുലും ഉള്‍പ്പടെ ഒന്‍പത് പേര്‍ ചേര്‍ന്ന് ദല്‍ഹിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി യു.പിയിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം അപകട മരണമാക്കി മാറ്റുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. നിധിയുടെ സഹോദരിയായ ആരതിക്ക് സാഗറുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ആരതിയുടെ വിവാഹശേഷവും ബന്ധം തുടര്‍ന്ന ഇരുവര്‍ക്കും താക്കീത് നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് സാഗറിനെ കൊലപ്പെടുത്തിയതെന്ന് നിധി പോലീസിനോട് സമ്മതിച്ചു.
കേസില്‍ പോലീസ് നിധിയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് 2018ല്‍ ഇവര്‍ പുറത്തിറങ്ങി. എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു.