ഇംഫാല്‍- അന്തരിച്ച ഭൗതികശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങിന്റെ പേരില്‍ അവകാശവാദവുമായി കേന്ദ്ര ശാസ്ത്ര മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഭൗതിശാസത്ര രംഗത്തെ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിഭയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കണ്ടു പിടിച്ച ആപേക്ഷിക സിദ്ധാന്തത്തേക്കാള്‍ മികച്ചവ വേദങ്ങളില്‍ പ്രതിപാദിച്ച ശാസ്ത്രത്തിലുണ്ടെന്ന് ഹോക്കിങ് പറഞ്ഞിരുന്നുവെന്നാണ് മന്ത്രിയുടെ പ്രസ്താവന. മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച 105-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉല്‍ഘാടന പ്രസംഗത്തിനു ശേഷമായിരുന്നു മന്ത്രി ഹര്‍ഷവര്‍ധന്റെ പ്രസംഗം.
ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തത്തേക്കാള്‍ മികച്ച ശാസ്ത്ര സിദ്ധാന്തങ്ങള്‍ വേദങ്ങളിലുണ്ടെന്ന് പറഞ്ഞ മന്ത്രി അത് ഏതു വേദത്തില്‍ എവിടെയാണ് പ്രതിപാദിക്കുന്നതെന്ന് വ്യക്തമാക്കിയില്ല. ഹോക്കിങ് ഇങ്ങനെ എവിടെയാണ് പറഞ്ഞതെന്നും മന്ത്രി വെളിപ്പെടുത്തിയില്ല. മന്ത്രി വ്യക്തത വരുത്തണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും അതിനു അദ്ദേഹം തയാറായതുമില്ല. പകരം മാധ്യമങ്ങള്‍ കണ്ടുപിടിക്കട്ടെ എന്ന നിഷേധാത്മക പ്രതികരണമാണ് മന്ത്രിയില്‍ നിന്നുണ്ടായത്. ഈ പ്രസ്താവനയുടെ അടിസ്ഥാനം എന്താണെന്ന് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ തെരഞ്ഞ് കണ്ടു പിടിക്കൂ. കഴിയില്ലെങ്കില്‍ പറയു. അപ്പോള്‍ എനിക്ക് ഈ വിവരം എവിടെ നിന്നു കിട്ടി എന്നു വെളിപ്പെടുത്താം- മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.
സ്റ്റീഫന്‍ ഹോക്കിങ് ഇങ്ങനെ എവിടെയെങ്കിലും പറഞ്ഞതായി ഒരു രേഖയും തെളിവുമില്ല. മാത്രമല്ല വേദങ്ങളില്‍ മുഖ്യ സ്ഥാനമുള്ള ജ്യോതിശാസ്ത്രത്തെ ഹോക്കിങ് തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്്. ജ്യോതിശാസ്ത്രത്തില്‍ ഭൂരിപക്ഷ ശാസ്ത്രജ്ഞര്‍ക്കും വിശ്വാസമില്ലാത്തതിന്റെ കാരണം അത്് ഗവേഷണ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ശാസത്ര സിദ്ധാന്തങ്ങളുമായി ഒത്തു പോകുന്നില്ല എന്നതാണ്- 2001ല്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സ്മാരക പ്രഭാഷണത്തില്‍ ഹോക്കിങ് പ്രസംഗിച്ചതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.