ഈ മാസം 25 ന് ജിദ്ദയിൽ ഫോർമുല വൺ കാറോട്ട മൽസരത്തിന് കൊടിയുയരുന്നു
ഓഗസ്റ്റ് 5, 1888. മക്കളായ യുജീനെയും റിച്ചാർഡിനെയും കൂട്ടി ബെർത എന്ന 39 കാരി ജർമനിയിലെ മൻഹെയിം എന്ന പട്ടണത്തിൽ നിന്ന് ഫോർസ്ഹെയിം എന്ന സ്ഥലത്തേക്ക് ഒരു യാത്ര തിരിച്ചു. ചരിത്രത്തിൽ തന്നെ ഏറ്റവും പ്രാധാന്യം നിറഞ്ഞ ഒരു യാത്രയായിരുന്നു അത്.
ഭർത്താവ് കാൾ എന്ന എൻജിനീയർ നിർമിച്ച മോട്ടോർകാർ ആദ്യമായി ഓടിച്ചു പരീക്ഷിക്കുകയായിരുന്നു അവർ. കുതിരകളും കഴുതകളും മാത്രം വലിച്ചു നടന്നിരുന്ന കാരിയേജ് ഒന്നിന്റെയും സഹായമില്ലാതെ നീങ്ങുന്നത് കണ്ട അവിടുത്തെ ജനങ്ങൾ അമ്പരപ്പോടെ നോക്കി നിന്നു. ചിലർ ബെർത്തയെ മാന്ത്രികയെന്നും യക്ഷിയെന്നും വിളിച്ചു. എന്നാൽ ഈ സംഭവത്തോടെ ലോകത്തിലെ ആദ്യത്തെ ഡ്രൈവർ ആയി മാറുകയായിരുന്നു ബെർത്ത ബെൻസ്.
136 വർഷങ്ങൾക്കിപ്പുറം കാൾ ബെൻസിന്റെയും പത്നി ബെർത ബെൻസിന്റെയും കണ്ടുപിടുത്തമായ മോട്ടോർ കാറിന്റെ ഏറ്റവും നൂതനവും ആഡംബരവുമായ വിവിധ പതിപ്പുകൾ ഇറങ്ങി. കാറുകളുടെ പ്രവർത്തന ക്ഷമതയും അവയുടെ എൻജിനീയറിംഗ് മികവുകളും പരീക്ഷിക്കാനായി തുടക്കം മുതൽ തന്നെ വിവിധ തരം മത്സരങ്ങൾ നടന്നു. നാസ്കാർ കപ്പ് സീരീസ്, ലെ മാൻ 24 അവർ എൻഡ്യൂറൻസ് റേസിംഗ്, ഡാകാർ റാലി തുടങ്ങിയവ ഇതിൽ ചിലതാണ് . എന്നാൽ ഇവയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏറ്റവും അധികം ആരാധകർ ഉള്ളതുമായ മോട്ടോർ സ്പോർട് മത്സരമാണ് എഫ് വൺ അഥവാ ഫോർമുല വൺ. വിവിധ ടീമുകൾക്ക് അവരുടെ എൻജിൻ മികവും ഡ്രൈവർമാരുടെ കഴിവും ഏറ്റവും നല്ല രീതിയിൽ പുറത്തു കാണിക്കാൻ കൂടി ഉള്ള വേദി ആണ് ഒരു ഫോർമുല 1 ഗ്രാൻഡ് പ്രി.
ഫോർമുലയുടെ ചരിത്രം
ഫോർമുല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മത്സരാർത്ഥികൾ പാലിക്കേണ്ട ഒരു കൂട്ടം നിബന്ധനകളും നിയമങ്ങളുമാണ്. ചരിത്രത്തിലെ ആദ്യത്തെ ഫോർമുല 1 കാറോട്ട മത്സരത്തിന് വേദി ആയത് 1946 ൽ ഇറ്റലിയിലെ ട്യൂറിനിൽ ആണ് എന്നാൽ രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് പല തവണ മത്സരങ്ങൾ റദ്ദാക്കേണ്ടി വന്നു. ചാംപ്യൻഷിപ് എന്ന നിലയിൽ ആദ്യമായി എഫ് വൺ മത്സരം നടന്നത് യു.കെ യിലെ സിൽവർ സ്റ്റോൺ എന്ന റെയ്സ് ട്രാക്കിൽ ആണ്. ഗിയൂസെപ്പെ ഫാറിന എന്ന ഇറ്റാലിയൻ ഡ്രൈവർ സഹതാരമായ ജുവാൻ മാനുവൽ ഫാൻജിയോയെ പിന്തള്ളി ആയിരുന്നു തന്റെ ആൽഫാ റോമിയോ കാറിൽ പ്രഥമ വിജയം കൈവരിച്ചത്. ഫാൻജിയോ പിന്നീട് 5 ലോക ചാംപ്യൻഷിപ്പുകൾ നേടി ലോകം അറിയപ്പെടുന്ന ഡ്രൈവർ ആയി മാറുകയും ചെയ്തു.
വേഗത്തിന്റേയും ആവേശത്തിന്റെയും ഒപ്പം നിരവധി അപകടങ്ങൾക്കും എഫ് 1 ഗ്രാൻഡ് പ്രി വേദികൾ സാക്ഷിയായിട്ടുണ്ട്. മൂന്നു ലോക ചാംപ്യൻഷിപ്പുകൾ നേടിയ ബ്രസീലിയൻ ഡ്രൈവർ അയർടൺ സെന്നയടക്കം നിരവധി താരങ്ങൾക്കു ട്രാക്കിൽ ജീവൻ നഷ്ടപ്പെട്ടു. മാറി വരുന്ന നിയമങ്ങൾക്കൊപ്പം അതീവ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പുതിയ നിബന്ധനകൾ ടീമുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ടീമുകൾ
20 ഡ്രൈവർമാർ 10 ടീമുകൾ ആയിട്ടാണ് ഫോർമുല വണ്ണില മത്സരം നടക്കുന്നത്. എല്ലാ ടീമുകൾക്കും അവരെ നയിക്കാൻ ഒരു ടീം പ്രിൻസിപ്പൽ ഉണ്ടായിരിക്കും. മെഴ്സിഡസ്, റെഡ് ബുൾ ,സ്ക്യൂടെറിയ ഫെറാറി, മക്ലാരൻ, വില്യംസ് റേസിംഗ്, സ്ക്യൂടെറിയ ആൽഫ ടൗറി ,ആൽപൈൻ റേസിംഗ്, ഹാസ്, ആസ്റ്റൺ മാർട്ടിൻ, ആൽഫാ റോമിയോ എന്നീ ടീമുകൾ ആണ് ഈ വർഷം മത്സരിക്കുന്നത് .
എല്ലാ സീസണിലും 2 ചാംപ്യൻഷിപ്പുകൾ ആണ് ഫോർമുല വണ്ണിൽ നൽകുന്നത്. ഡ്രൈവർമാരുടെ മികവ് തെളിയിക്കുന്ന വേൾഡ് ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പും (wdc) എൻജിൻ മികവ് തെളിയിക്കുന്ന വേൾഡ് കൺസ്ട്രക്ടേഴ്സ് ചാംപ്യൻഷിപ്പും (wcc ). നിലവിൽ ഏറ്റവും കൂടുതൽ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിയിട്ടുള്ളത് 7 തവണ വീതം ചാമ്പ്യൻമാരായ മൈക്കിൾ ഷൂമാക്കറും (germany) ലൂയിസ് ഹാമിൽട്ടണുമാണ് (UK ). എന്നാൽ ഏറ്റവും കൂടുതൽ തവണ കൺസ്ട്രക്ടേഴ്സ് ചാമ്പ്യന്മാരായി എന്ന ബഹുമതി 16 തവണ ചാമ്പ്യന്മാരായ ഫെറാരിക്കാണ്.
ട്രാക്കുകൾ
ഓരോ സീസണിലും 19 മുതൽ 23 ഗ്രാൻഡ് പ്രികൾ ആണ് നിലവിൽ നടന്നു വരുന്നത്. 2022 ന്റെ തുടക്കത്തിൽ അത് 23 എണ്ണം ആയിരുന്നെങ്കിലും ഉക്രൈനുമായുള്ള സംഘർഷം മൂലം ഈ വർഷത്തെ റഷ്യൻ ഗ്രാൻഡ് പ്രി റദ്ദാക്കുകയാണുണ്ടായത്. ഹാസ് f1 ടീമിന് വേണ്ടി മത്സരിച്ചിരുന്ന നിഖിറ്റ മാസപ്പിനെയെയും ഈ കാരണത്താൽ വിലക്കിയിട്ടുണ്ട്.
കാറോട്ട മത്സരങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സർക്യൂട്ടുകളിലും അടച്ചിട്ട പൊതു നിരത്തുകളിലുമായാണ് എഫ്1 മത്സരങ്ങൾ നടക്കാറുള്ളത്.
യുകെയിലെ സിൽവർസ്റ്റോൺ, ഇറ്റലിയിലെ മൊൺസാ, ജർമനിയിലെ ഹോക്ക്ഇൻഹെയിം റിങ് തുടങ്ങിയ സർക്യൂട്ടുകൾ ഫോർമുലവണ്ണിന്റെ തുടക്കം മുതൽ നിലവിലുള്ള ചില ട്രാക്കുകൾ ആണ്.
സ്ട്രീറ്റ് സർക്യൂട്ടുകളിൽ പ്രധാനപ്പെട്ടതും ഏറ്റവും പഴക്കം ചെന്നതുമായ ട്രാക്ക് ആണ് മൊണാകോ. നേർത്ത വഴികളിലൂടെ മണിക്കൂറിൽ 250 കി.മീ വേഗത്തിൽ കുതിക്കുക എന്നത് ഈ സർക്യൂട്ടിനെ ഡ്രൈവർമാർക്കിടയിലും ആരാധകർക്കിടയിലും ഏറ്റവും പ്രിയപ്പെട്ടതാക്കുന്നു.
സ്ട്രീറ്റ് സർക്യൂട്ടുകളിൽ ഏറ്റവും വേഗം എറിയത് എന്ന ബഹുമതി കഴിഞ്ഞ വർഷം തുടക്കം കുറിച്ച ജിദ്ദ കോർണിഷ് സർക്യൂട്ടിനാണ്.
ഇന്ത്യൻ സാന്നിധ്യം
ഇന്ത്യയിൽ നിന്നും 2 ഫോർമുല വണ്ണിലെ ഡ്രൈവർമാരാണ് ഇതുവരെ മത്സരിച്ചിട്ടുള്ളത്. കോയമ്പത്തൂർ സ്വദേശി നരേൻ കാർത്തികേയനും ചെന്നൈ സ്വദേശി കരുൺ ഛന്ദോക്കു എച്ച്.ആർ.ടി, ജോർദാൻ തുടങ്ങിയ ടീമുകൾക്ക് വേണ്ടി കാർത്തികേയൻ മത്സരിച്ചപ്പോൾ എച്ച്.ആർ.ടി, ലോട്ടസ് എന്നീ ടീമുകൾക്ക് വേണ്ടി ആണ് കരുൺ മത്സരിച്ചത്. ഫോർമുല ചരിത്രത്തിലെ ആദ്യ വനിതാ ടീം പ്രിൻസിപ്പൽ ഇന്ത്യൻ വംശജയായ മോനിഷ കാൽട്ടൻ ബോൺ ആണ്. 2012 മുതൽ 2017 വരെ ഇവർ സൗബർ എഫ് വൺ ടീമിനെ നയിച്ചു
2011 ൽ ഉത്തർ പ്രദേശിലെ നോയിഡയിൽ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് എന്ന ഫോർമുല വൺ ട്രാക്കിനു തുടക്കം കുറിക്കുകയും ആദ്യത്തെ ഇന്ത്യൻ ഗ്രാൻഡ് പ്രിക്ക് അത് വേദി ആവുകയും ചെയ്തു. ശേഷം 2012 , 2013 എന്നീ വർഷങ്ങളിൽ കൂടി ബുദ്ധ് ഇന്ത്യൻ ഗ്രാൻഡ് പ്രിക്ക് വേദി ആയി. എന്നാൽ 2014 മുതൽ ഉത്തർ പ്രദേശ് സർക്കാരുമായി നടന്ന നികുതി തർക്കങ്ങൾ മൂലം ഇന്ത്യൻ ഗ്രാൻഡ് പ്രിക്ക് താഴ് വീണു.
2008 മുതൽ 2011 വരെ വിജയ് മല്യയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഫോഴ്സ് ഇന്ത്യയാണ് ഫോർമുല1 ലെ ആദ്യ ഇന്ത്യൻ ടീം. 2011ൽ സഹാറ പരിവാർ ഈ ടീമിനെ ഏറ്റെടുത്തു സഹാറ ഫോഴ്സ് ഇന്ത്യ ഫോർമുല വൺ ടീം എന്ന പേരിൽ 2018 വരെ മത്സരിച്ചു.
സൗദി അറേബ്യൻ ഗ്രാൻഡ് പ്രി
2020 ൽ അടുത്ത വർഷത്തേക്കുള്ള ഗ്രാൻഡ് പ്രി വേദികളുടെ കൂട്ടത്തിൽ ഒരു പുതിയ സ്ട്രീറ്റ് സർക്യൂട്ട് ആയി ഇടം പിടിച്ച ട്രാക്ക് ആണ് ചെങ്കടൽ തീരത്തു സ്ഥിതി ചെയ്യുന്ന ജിദ്ദ കോർണിഷ് സർക്യൂട്ട്. 6.175 കി.മീ നീളമുള്ള ജിദ്ദ കോർണിഷ് ട്രാക്കിൽ മണിക്കൂറിൽ 330 കി.മീ ആണ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വേഗം.
2021 ൽ ലൂയിസ് ഹാമിൽട്ടന്റെ വിജയത്തോടെ സമാപനം കുറിച്ച സൗദി അറേബ്യൻ ഗ്രാൻഡ് പ്രിയുടെ രണ്ടാം പതിപ്പിലേക്കു കടക്കുമ്പോൾ ആരാവും പുതിയ വേഗ റെക്കോർഡുകൾ തീർക്കുക എന്ന് കാത്തിരുന്ന് കാണാം.