Sorry, you need to enable JavaScript to visit this website.

സി.പി.എം സമരങ്ങൾ പോലെ അക്രമം കെ-റെയിൽ സമരത്തിലില്ല -വി.ഡി സതീശൻ

കൊച്ചി- കേരളത്തിൽ സി.പി.എം സമരങ്ങളിൽ ഉണ്ടായതു പോലുള്ള അക്രമ പ്രർത്തനങ്ങൾ കെ-റെയിൽ വിരുദ്ധ സമരത്തിൽ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ ഒരുപാട് സമരങ്ങൾ ചെയ്ത പാർട്ടിയാണ് സി.പി.എം. അവർ ചെയ്തതു പോലുള്ള അക്രമ പ്രവർത്തനങ്ങൾ സിൽവർ ലൈൻ വിരുദ്ധ സമരത്തിലുണ്ടായിട്ടില്ല. സി.പി.എം ഭയന്നിരിക്കുകയാണ്. 
കേരളത്തിൽ ഇന്നുവരെ ഉണ്ടാകാത്ത തരത്തിൽ സ്ത്രീകളും കുട്ടികളും ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ജനകീയ സമരമാണിത്. മാടപ്പള്ളിയിലെ ജനങ്ങൾ കാട്ടുന്ന ആവേശവും പ്രതിഷേധവും ചെറുത്തു നിൽക്കാനുള്ള ധൈര്യവുമൊക്കെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയ പ്രവർത്തകരേക്കാൾ കരുത്തിലും ആത്മവിശ്വസത്തിലുമാണ് ജനങ്ങൾ. 
കൃത്യമായ പഠനങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നാലു കാരണങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പദ്ധതിയെ എതിർക്കുന്നത്. പരിസ്ഥിതി ലോലമായ കേരളത്തെ ഈ പദ്ധതി തകർക്കുമെന്നതാണ് ഒന്നാമത്തെ കാരണം. രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി സാമ്പത്തികമായും കേരളത്തെ തകർത്ത് തരിപ്പണമാക്കും. 
സാമൂഹികമായി ഉണ്ടാക്കുന്ന ആഘാതവും പദ്ധതിക്ക് പിന്നിലുള്ള വൻ അഴിമതിയുമൊക്കെയാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയെ കുറിച്ച് യു.ഡി.എഫ് പറഞ്ഞതു തന്നെയാണ് ഈ രംഗത്തെ വിദഗ്ധരും പറയുന്നത്. 
നിയമസഭയിൽ സംസാരിച്ചപ്പോൾ മണ്ണ് പരിശോധന പോലും നടത്തിയിട്ടില്ലെന്ന് പറഞ്ഞു. പത്ത് കോടിയുടെ പാലം പണിയണമെങ്കിൽ പോലും മണ്ണ് പരിശോധിക്കും. 
കേരളത്തിന്റെ മണ്ണ് പല സ്ഥലത്തും പല രീതിയിലാണ്. മണ്ണ് പരിശോധിച്ചാൽ മാത്രമെ പൈലിങ് വേണമോ എന്ന് തീരുമാനിക്കാൻ സാധിക്കൂ. എംബാങ്ക്മെന്റ് പണിയാൻ ഇത് വേണ്ടേയെന്നു ചോദിച്ചു. അപ്പോൾ ലൂസായ മണ്ണാണ്, ട്രെയിൻ മറിയുമെന്ന് ട്രോൾ ഇറക്കി. മണ്ണിന്റെ ഘടന പരിശോധിക്കാതെയാണ് ഡി.പി.ആർ തയാറാക്കിയതെന്ന് റെയിൽവെ മന്ത്രി പാർലമെന്റിൽ പ്രസംഗിച്ചപ്പോൾ ഇവരുടെ സംശയം മാറിയല്ലോ. പഠിച്ചിട്ടാണ് യു.ഡി.എഫ് ഇതേക്കുറിച്ച് പറയുന്നത്. 
കേരള ചരിത്രത്തിൽ ഇത്ര പഠനം നടത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനവും സമര രംഗത്തേക്ക് ഇറങ്ങിയിട്ടില്ല. അതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ഏതെങ്കിലും ചോദ്യത്തിന് മറുപടി പറഞ്ഞോ? തട്ടിക്കൂട്ടിയ റിപ്പോർട്ടാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് മറുപടി പറയാനാകില്ല. 
തട്ടിക്കൂട്ടിയ അബദ്ധ പഞ്ചാംഗമാണ് ഡി.പി.ആർ. ഇങ്ങനെയൊരു പദ്ധതി നടത്താൻ കേരളത്തിലെ ജനങ്ങൾ സമ്മതിക്കില്ല. 
പ്രതിപക്ഷം ഈ സമരം ഏറ്റെടുത്തിരിക്കുകയാണ്. കല്ല് പിഴുതെറിയുമെന്നത് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇപ്പോൾ ജനങ്ങൾ പിഴുതെറിയുകയാണെന്ന് സതീശൻ പറഞ്ഞു. 

Latest News