തൊടുപുഴ-മകനെയും ഭാര്യയെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊല ചെയ്ത ഭാവമൊന്നും ഇന്നലെ വൈകിട്ട് ചീനീക്കുഴിയിലെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിക്കുമ്പോൾ ഹമീദിന്റെ മുഖത്തുണ്ടായിരുന്നില്ല. രോഷാകുലരായ ജനക്കൂട്ടത്തിന്റെ അസഭ്യ വർഷത്തിനിടെ അയാൾ ഒന്നും സംഭവിക്കാത്തത് പോലെ നിന്നു. കൊലപാതകത്തിന് ഉപയോഗിച്ചതിന്റെ ബാക്കി എട്ട് കുപ്പിയോളം പെട്രോൾ പോലീസിന് എടുത്തു കൊടുക്കുകയും ചെയ്തു.
മകന് ഇഷ്ടദാനമായി കിട്ടിയ 58 സെന്റ് സ്ഥലം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഇയാൾ തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. സ്ഥലം തിരികെ നൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസൽ ഫെബ്രുവരി 25ന് കരിമണ്ണൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇക്കാര്യങ്ങൾ വിവരിക്കുമ്പോഴും പ്രതിക്ക് യാതൊരു കൂസലുമില്ലാതിരുന്നത് പോലീസിനെ അദ്ഭുതപ്പെടുത്തി. ലക്ഷ്യം നടന്നതിന്റെ വൈരാഗ്യ ബുദ്ധിയായിരുന്നു പോലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. കൃത്യമായി ഭക്ഷണം നൽകിയിരുന്നില്ലെന്നും മകൻ ഉപദ്രവിക്കുമായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞത്. വെളളിയാഴ്ച രാവിലെ മകൻ തല്ലിയതായും ഇയാൾ പറഞ്ഞു. ഇന്നലെ രാവിലെ നാല് പേരും കൊല്ലപ്പെട്ട വിവരം അറിയിച്ചപ്പോൾ മാത്രം ഹമീദ് കരഞ്ഞതായി പോലീസ് പറയുന്നു. തൊടുപുഴ ഡി വൈ.എസ്.പി എ.ജി ലാലിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം എത്തിയിരുന്നു.