ന്യൂദൽഹി- പഞ്ചാബിൽ ആം ആദ്മി പാർട്ടിയടെ പത്തു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹർപാൽ സിംഗ്, ബൽജീത് കൗർ, സദ്ദു സിംഗ്, ഹർഭജൻ സിംഗ് ഇറ്റോ, വിജയ് സിംഗ്ല, ലാൽ ചന്ദ് കട്ടാരുചക്, ഗുർമീത് സിംഗ് മീത് ഹയേർ, കുൽദീപ് സിംഗ് ധാലിവാൾ, ലൽജീത് സിംഗ് ഭുള്ളർ, ബ്രം ശങ്കർ ജിംപ, ഹർജോത് സിംഗ് ബെയ്ൻസ് എന്നിവരാണ് പുതിയ മന്ത്രിമാർ. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പതിനെട്ട് അംഗ മന്ത്രിസഭയിൽ ബാക്കി ഏഴ് പേരെ വരും ദിവസങ്ങളിൽ തീരുമാനിക്കും. പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ഈ മാസം 16നാണ് ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരായ പത്ത് പേരിൽ എട്ട് പേരും ആദ്യമായി എം.എൽ.എമാരായവരാണ്. പ്രാദേശിക പ്രാതിനിധ്യം ഉറപ്പ് വരുത്തിയാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്. അഞ്ച് പേർ മാൽവ മേഖലയിൽ നിന്ന് മന്ത്രിമാരായപ്പോൾ നാല് പേർ മാജയിൽ നിന്നും ഒരാൾ ദോബയിൽ നിന്നും മന്ത്രിമാരായി. എല്ലാവരും പഞ്ചാബിയിൽ സത്യപ്രതിജ്ഞ ചെയ്തു.
പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ആം ആ്ദമി പാർട്ടി മാറിക്കഴിഞ്ഞു. കോൺഗ്രസിനും ബിജെപിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന മൂന്നാമത്തെ പാർട്ടികൂടിയാണ് ആം ആദ്മി പാർട്ടി. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അടിത്തറ വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം.