ഹരിദ്വാര്‍- ഇന്ത്യക്കാര്‍ കോളനി കാലത്തെ ചിന്താഗതി ഉപേക്ഷിക്കണമെന്നും ഇന്ത്യന്‍ സ്വത്വത്തില്‍ അഭിമാനംകൊള്ളാന്‍ പഠിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും മെക്കാളെയുടെ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്നത് പൂര്‍ണമായും അവസാനിപ്പിക്കണം. അത് ഒരു വിദേശഭാഷയെ അടിച്ചേല്‍പ്പിക്കുന്നതാണെന്നും വിദ്യാഭ്യാസം ഉന്നതരുടേത് മാത്രമാക്കി ഒതുക്കിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. നമ്മുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും മുന്‍ഗാമികളിലും നാം അഭിമാനിക്കണം. നമ്മുടെ വേരുകളിലേക്ക് മടങ്ങണം. കഴിയുന്നത്ര ഇന്ത്യന്‍ ഭാഷകള്‍ പഠിക്കണം. മാതൃഭാഷയെ സ്‌നേഹിക്കണം. അറിവിന്റെ ഖനിയായ ഗ്രന്ധങ്ങള്‍ അറിയണമെങ്കില്‍ സംസ്‌കൃതവും പഠിക്കണം- അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ദേവ് സന്‍സകൃതി വിശ്വ വിദ്യാലയയില്‍ സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഉല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നുവെന്ന് എന്നാണ് ആരോപിക്കപ്പെടുന്നത്. കാവിയില്‍ എന്താണ് പ്രശ്‌നം? എല്ലാവരും സന്തുഷ്ടരായിരിക്കുക, ലോകം ഒറ്റ കുടുംബം എന്നീ തത്വങ്ങളാണ് നമ്മുടെ പുരാതന ഗ്രന്ഥങ്ങളുടെ ഉള്ളടക്കം. ഇവയാണ് ഇന്ത്യയുടെ വിദേശകാര്യ നയത്തിന്റേയും മാര്‍ഗരേഖാ തത്വങ്ങള്‍- വെങ്കയ്യ പറഞ്ഞു.