നടപ്പു നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പോര് നടക്കുകയാണെന്ന പ്രതീതിയുണ്ടാക്കിയ ശേഷം നടന്ന നയപ്രഖ്യാപന പ്രസംഗവും ഗവർണറുമായി ബന്ധപ്പെട്ടുണ്ടായ തുടർസംഭവങ്ങളും പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.
ഗവർണർ വിരുദ്ധ കത്തെഴുതിയതിന്റെ പേരിൽ സെക്രട്ടറി ജ്യോതിലാലിനെതിരെ സർക്കാരിന് നടപടി സ്വീകരിക്കേണ്ടി വന്നതും നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോൾ ഈ ഉദ്യോസ്ഥൻ ഉദ്യോഗസ്ഥ ഗാലറിയിലിരുന്നതും നിയമസഭയുടെ ചരിത്രത്തിൽ പുതുമ എഴുതിച്ചേർത്ത സംഭവങ്ങളായി. സർക്കാരും ഗവർണറും ഏറ്റുമുട്ടുന്നുവെന്ന പ്രതീതി ഉണ്ടാക്കിയെടുത്തിരുന്നുവെങ്കിലും ഇക്കാലം അതിനൊന്നും പറ്റിയതല്ലെന്നറിയാവുന്നതുകൊണ്ട് മുഖ്യ ഭരണ കക്ഷിക്കും പോരാട്ട മുഖമുള്ള മുഖ്യമന്ത്രിക്കും തന്ത്രങ്ങളിൽ തല പൂഴ്ത്തുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. ഗവർണറുമായുള്ള പോരിന് കൗശലപൂർവം ശമനം കണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ നിയമ സഭക്കകത്തെ പോരാട്ടം പല വഴിക്ക് ശക്തിപ്പെടുന്നതാണ് പിന്നീട് കണ്ടത്. യു.പിയടക്കമുള്ള നിയമസഭാ തെരഞ്ഞടുപ്പുകളിലെ തോൽവിയൊന്നും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അറിഞ്ഞതായേ നടിച്ചു കണ്ടില്ല. സഭ സമ്മേളിച്ച ദിവസങ്ങളിലെല്ലാം പോരാട്ടമായിരുന്നു. അവസാന ദിവസമായ ഇന്നലെ ചോദ്യോത്തര വേളയിൽ തന്നെ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ കൊടി പ്രതിപക്ഷം നിയമസഭാ വേദിയിൽ ഉയർത്തി നിർത്തി.
ചങ്ങനാശേരി മാടപ്പള്ളിയിലെ പോലീസ് നടപടിയടക്കം സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ സഭ ബഹിഷ്കരിച്ചാണ് പ്രതിപക്ഷം കേരളത്തിൽ തുടർ ദിവസങ്ങളിൽ നടക്കാൻ പോകുന്ന പ്രതിഷേധങ്ങളുടെ സൂചന നൽകിയത്. പോലീസ് നരനായാട്ട് എന്ന ബാനറുമായി സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ സഭ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ പുറത്തേക്കിറങ്ങി. നിലവിലെ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷം അറിയിക്കുകയായിരുന്നു.
പോലീസിനെ ആയുധമാക്കി കെ. റെയിൽ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമരം യു.ഡി.എഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും ഇവിടെ നിന്ന് നേരെ സമര മുഖത്തേക്കാണ് പോകുന്നതെന്നുമുള്ള സതീശന്റെ പ്രഖ്യാപനം തുടർസമരങ്ങളുടെ ഭാവി നിശ്ചയിക്കുന്നതായി. ചോദ്യോത്തര വേളയിൽ സഹകരിക്കണമെന്നും ശൂന്യവേളയിൽ വിഷയം പരിഗണിക്കാമെന്നും സ്പീക്കർ എം.ബി. രാജേഷ് അനുനയം പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രതിഷേധം തുടന്നപ്പോൾ അങ്ങ് അങ്ങയുടെ ഡ്യൂട്ടി നിർവഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടറിഞ്ഞ സ്പീക്കർ, പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി. സഭാതലത്തിലെ അര മണിക്കൂറിന് ശേഷം എം.എൽ.എമാരും നേതാക്കളും നേരെ പോയത് ചങ്ങനാശ്ശേരിയിലെ സമര മുഖത്തേക്ക്.
വോട്ട് ഓൺ അക്കൗണ്ട് പാസാക്കലായിരുന്നു അവസാന ദിവസത്തെ സഭയുടെ പ്രധാന അജണ്ട.
പതിനഞ്ചാം നിയമസഭയുടെ 11 ദിവസം നീണ്ട നാലാം സമ്മേളനം സംഭവ ബഹുലമായിരുന്നു. ഫെബ്രുവരി 18 ന് തുടങ്ങിയ സഭ 25 മുതൽ മാർച്ച് 10 വരെ അവധിയായിരുന്നു. പ്രധാനമായും മുഖ്യ ഭരണ കക്ഷിയുടെ സംസ്ഥാന സമ്മേളനത്തിനായുള്ള അവധിക്ക് ശേഷം സമ്മേളിച്ച സഭ നടപടികൾ പൂർത്തിയാക്കി പിരിയുമ്പോൾ സി.പി,എമ്മിന് ഇനി കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ തിരക്കുകളാണ്. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സമ്മേളന നടപടികളുടെ ചെറു വിവരണം നടത്തിയ സ്പീക്കർ എം.ബി. രാജേഷ് എല്ലാവർക്കും സന്തോഷകരമായ ഈസ്റ്റർ, വിഷു, റമദാൻ ആശംസ നേർന്നു. സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നുവെന്നറിയച്ച ശേഷം ദേശീയ ഗാനത്തിനായി കാത്തിരുന്നപ്പോൾ ഗാനം പ്ലേ ചെയ്യാൻ അൽപം വൈകി. ദേശീയ ഗാനത്തിന്റെ അസാന ഭാഗമെത്തിയപ്പോഴാണ് പുറത്തേക്ക് കേട്ടത്. ഒടുവിൽ എല്ലാം ശുഭം.
പാർട്ടിയിലെയും മു ന്നണിയിലെയും രണ്ട് സഹപ്രവർത്തകർ -സി.പി.എമ്മിലെ എ.എ റഹീമും സി.പി.ഐയിലെ പി.സന്തോഷ് കുമാറും രാജ്യസഭ സ്ഥാനാർഥികളായി നാമനിർദേശ പത്രിക സമർപ്പിച്ച ദിവസമായിരുന്നു ഇന്നലെ. നിയമസഭീ സെക്രട്ടറിയുടെ മുന്നിൽ പത്രിക സമർപ്പിച്ച ശേഷം സ്പീക്കർ രാജേഷിന്റെ സാന്നിധ്യത്തിൽ ചായ സൽക്കാരം - കേക്കും ചായയും.