ന്യൂദൽഹി- ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ സജീവമായി രംഗത്തുണ്ടെങ്കിലും ഇന്ത്യയിലെ സൈബർ സുരക്ഷാ മേധാവി ഇന്റർനെറ്റ് ബാങ്കിംഗിനെ ആശ്രയിക്കുന്നത് അപൂർവം. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള സൈബർ സെക്യൂരിറ്റി വിഭാഗം മേധാവി ഗുൽഷൻ റായ്, താൻ ഇത്തരം ഇന്റർനെറ്റ് ഇടപാടുകളിലെ വലിയ അപകടങ്ങളെ കുറിച്ചറിയുന്നതിനാൽ ഇതിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് വ്യക്തമാക്കി. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവർ ഇതിലടങ്ങിയിരിക്കുന്ന വലിയ അപകട സാധ്യതയെ കുറിച്ച് ബോധ്യമുള്ളവരായിരിക്കണം. 'ഡിജിറ്റൽ രംഗത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നത് ആരാണ് എന്നതടക്കമുള്ള നിരവധി പ്രശ്‌നങ്ങളുണ്ട്. എ.ടി.എം, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വളരെ സങ്കീർണവും പരിഹരിക്കാൻ വളരെ പ്രയാസമേറിയതുമാണ്,' റായ് പറഞ്ഞു.
ഇന്റർനെറ്റ് ബാങ്കിങ് ഇടപാടുകൾക്ക് താൻ മറ്റൊരു അക്കൗണ്ടാണ് ഉപയോഗിക്കാറുള്ളതെന്നും ആവശ്യഘട്ടങ്ങളിൽ ചെറിയ തുക ഈ അക്കൗണ്ടിൽ നിക്ഷേപിച്ചാണ് ഇടപാട് നടത്താറുള്ളതെന്നും ഇതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ കാര്യ മന്ത്രി രാം വിലാസ് പാസ്വാൻ അധ്യക്ഷനായ ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റായ്.