ന്യൂദല്‍ഹി- കശ്മീരിലെ പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കി നിര്‍മിച്ച സനിമയായ ദ കശ്മീര്‍ ഫയല്‍സിനെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും സംഘ്പരിവാറും നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെ പരിഹാസവുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കംറ.
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ് എന്ന സിനിമ തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ പ്രസ്താവിച്ചിരുന്നു. സിനിമയുടെ നിര്‍മാതാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും ചെയ്തു. കശ്മീര്‍ ഫയല്‍സിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ പ്രധാനമന്തി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
സിനിമ കാണാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ 10-15 കീലോമീറ്റര്‍ താണ്ടി തിയേറ്ററിലെത്തുന്നവരെ കൂടി പ്രധാനമന്ത്രി മോഡി പരിഗണിക്കണമെന്നാണ് കുനാല്‍ കംറ പറഞ്ഞത്. സിനിമ കാണാനെത്തുന്നവര്‍ക്ക് പെട്രോളിന് 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂരിഭാഗം ആളുകളും അവര്‍ക്കിഷ്ടമുള്ള തിയേറ്ററിലെത്താന്‍ 10-15 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുണ്ട്. കശ്മീര്‍ ഫയല്‍സ് കാണാന്‍ പോകുന്നവര്‍ക്ക് പ്രധാനമന്ത്രി 50 രൂപ പെട്രോള്‍/ഡീസല്‍ സബ്‌സിഡി നല്‍കാന്‍ തയ്യാറാകുമോ- കുനാല്‍ കംറ ട്വീറ്റ് ചെയ്തു.
കശ്മീര്‍ ഫയല്‍സിനെ ചൊല്ലി രാഷ്ട്രീയ വിവാദം തുടരുകയാണ്. സമുദായങ്ങള്‍ തമ്മിലുള്ള വെറപ്പിന് ആക്കം കൂട്ടാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ ഈ സിനിമയുടെ മറവില്‍ കേരളത്തിലടക്കം പ്രചാരണം തുടരുകയാണ്.
കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ അവധി പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും സിനിമക്ക് നികുതി ഇളവ് നല്‍കുകയും ചെയ്തു.
വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ 1990 ല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍നിന്ന് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയുന്നത്. അതേസയമം, സിനിമയിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ബി.ജെ.പിയാണ് പിന്തുണച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നത വളര്‍ത്താനും അതില്‍നിന്ന് മുതലെടുക്കാനുമുള്ള ദുഷ്ടലാക്കാണ് കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമുള്ളതെന്ന് കശ്മീരി സംഘടനകള്‍ ആരോപിക്കുന്നു.