ജയ്പുര്‍- സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ അശ്ലീല നൃത്തം. രാജസ്ഥാനിലെ അല്‍വാറില്‍ ഈ മാസം 12നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത വാര്‍ഷികാഘോഷത്തിനിടെ അശ്ലീല നൃത്തം നടന്നത്. നൃത്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണത്തില്‍ നിര്‍ദേശം നല്‍കി. എംഎല്‍എ ബല്‍ജീത് യാദവ് മുഖ്യാതിഥിയായി പങ്കെടുത്ത വാര്‍ഷികാഘോഷത്തിലാണ് സ്‌കൂള്‍ അധികൃതര്‍ അശ്ലീല നൃത്തം നടത്തിയത്. നൃത്തം അവതരിപ്പിക്കാന്‍ പുറത്തുനിന്നും ആളുകളെ സജ്ജമാക്കിയിരുന്നു. ഇവര്‍ ചടങ്ങിനിടെ സ്‌റ്റേജില്‍ എത്തുകയും നൃത്തം ചെയ്യുകയുമായിരുന്നു. ഈ സമയം വിദ്യാര്‍ഥികളും രക്ഷിതാക്കളും മറ്റ് അതിഥികളും സ്ഥലത്തുണ്ടായിരുന്നു.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെ നടത്തിയ അശ്ലീല നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ചടങ്ങിനെത്തിയവര്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുകയും ചര്‍ച്ചയാകുകയും ചെയ്തതോടെ സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ചടങ്ങിനെത്തിയ മുഖ്യാതിഥിയെയും മറ്റ് അതിഥികളെയും സന്തോഷിപ്പിക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റ് നൃത്തം സംഘടിപ്പിച്ചതെന്നാണ് ആരോപണം. നൃത്തത്തിന്റെ വീഡിയോ പുറത്തുവരികയും അധികൃതര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തതോടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.