Sorry, you need to enable JavaScript to visit this website.

ചിലിയെ ഓർത്ത് ആവേശം കയറി ഇ.കെ. വിജയൻ, ഗുണ്ടാ സംസ്ഥാനം എന്ന പുസ്തകം ഉയർത്തി മുനീർ

പ്രത്യയ ശാസ്ത്ര പരിസരത്ത് തങ്ങൾക്കനുകൂലമായി കാണുന്ന ഒരു കാര്യവും സി.പി.എമ്മുകാരും സി.പി.ഐക്കാരും വെറുതെവിടാറില്ല. സി.പി.ഐയിലെ ഇ.കെ. വിജയന്റെ ചോര ഇന്നലെ ചിലിക്കു വേണ്ടിയാണ് തിളച്ചത്. ചിലി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാർഥി ഗബ്രിയേൽ ബോറിസ് അടുത്ത ദിവസം വിജയിച്ചിരുന്നു. കമ്യൂണിസം ഇല്ലാതാകാനുള്ള പ്രത്യയ ശാസ്ത്രമല്ലെന്നും അത് നാളെയുടെ സത്യമാണെന്നും തെളിയിക്കുന്നതാണ് ചിലിയിലുണ്ടായ ഈ വിജയമെന്ന് വിജയൻ ചിലിയിലെ വിജയ മഴക്ക് നിയമസഭയിൽ കുട പിടിച്ചു. സോവ്യറ്റ് യൂനിയൻ സന്ദർശിച്ച ശേഷം സി.ച്ച് മുഹമ്മദ് കോയ എഴുതിയ പുസ്തകം വീട്ടിൽനിന്ന് ഒന്നെടുത്ത് വായിക്കണമെന്ന് ഡോ. എം.കെ. മുനീറിന് വിജയന്റെ ഉപദേശം. അതോടെ മുനീറിന്റെ തെറ്റിദ്ധാരണകൾ തീർന്നു കിട്ടും. ഡോ. മുനീർ ബജറ്റുചർച്ചയിൽ സഭയിലൊരു പുസ്തകം ഉയർത്തിക്കാണിച്ചിരുന്നു -സൂർജ്യ ഭൗമിക് എന്ന കമ്യൂണിസ്റ്റ് യുവാവെഴുതിയ ഗുണ്ടാ സ്റ്റേറ്റ് എന്ന വിവാദ പുസ്തകം. സുദീർഘ വർഷങ്ങൾ സി.പി.എം ഭരിച്ച ബംഗാളിന്റെ അവസ്ഥ വിവരിക്കുന്ന ഈ പുസ്തകം (ഗാങ്സ്റ്റർ സ്റ്റേറ്റ്) ഇപ്പോൾ ഓൺ ലൈനിലും ലഭ്യമാണ്. ഇതെക്കുറിച്ച് ആഴത്തിലൊന്നും ആരും പറഞ്ഞില്ലെങ്കിലും ഇതാകുമോ കേരളത്തിന്റെയും ഭാവി അവസ്ഥയെന്ന വളരെ വലിയ ചോദ്യം ഉയർത്തിക്കൊണ്ടുവരാൻ നിയമ സഭയിലെ ഈ പുസ്തക പ്രദർശനം വഴി വെച്ചു.
സി.പി.എമ്മിന്റെ തിരുവമ്പാടി അംഗം ലിന്റോ ജോസഫ് നെഹ്‌റു കുടുംബത്തിലെ പുതു തലമുറയുടെ പേരിനൊപ്പം ഗാന്ധി ചേർക്കുന്നതിനെതിരെ ക്ഷോഭിച്ചു. ഇവർ ഈ പറയുന്നത് പോലെ ഗാന്ധിയൊന്നുമല്ല. ഗണ്ടിയാണ്. ഇന്ദിരാ പ്രിയദർശിനിയുടെ ഭർത്താവ്, പാഴ്‌സിയായ ഫിറോസ് ഗണ്ടിയുടെ പേര് അടിച്ചു പരത്തി ഗാന്ധിയാക്കിയതാണ്. അല്ലാതെ ഇവർക്കൊക്കെ ഗാന്ധിയുമായി എന്ത് ബന്ധം ? കോൺഗ്രസുകാർക്ക് ക്ഷോഭിക്കാനുള്ളതെല്ലാം അംഗം നൽകിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണനും, പി.സി. വിഷ്ണു നാഥും, വി.ഡി. സതീശനുമെല്ലാം ചരിത്രം ചികഞ്ഞു. അംഗം ബി.ജെ.പി ഭാഷ സംസാരിക്കുന്നുവെന്ന ആക്ഷേപമൊന്നും സി.പി.എം അംഗത്തിന്റെ മനസ്സ് മാറ്റിയില്ല. നിലപാടിൽ ഉറച്ചു നിന്ന യുവ അംഗത്തിന് മുതിർന്ന അംഗങ്ങളുടെ പിന്തുണയും കിട്ടി. ഗണ്ടിമാർ എങ്ങിനെ ഗാന്ധിമാർ ആയി എന്നത് വർഷങ്ങളായുള്ള ബി.ജെ.പി പ്രചാരണമാണ്.
ധനമന്ത്രി കെ.എൻ. ബാല ഗോപാലിന്റെ നാടൻ മട്ടിലുള്ള സംസാരം ഇരു പക്ഷത്തിന്റെയും പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. വാക്‌സിൻ ഗവേഷണ കേന്ദ്രം തുടങ്ങുമെന്ന് പറഞ്ഞിട്ട് അതെവിടെ എന്ന് ചോദിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനോട് ബാല ഗോപാലിന്റെ ചോദ്യം ഇങ്ങിനെയായിരുന്നു- ഇതെന്താ ചായയുണ്ടാകുന്നതുപോലെ എളുപ്പമാണെന്നാണോ അങ്ങയുടെ വിചാരം. ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരം അതിന്റെ രൂക്ഷതയോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിലെത്തിച്ചെങ്കിലും മുഖ്യമന്ത്രിയിൽ അതൊന്നും ഒരു ചാഞ്ചാട്ടവുമുണ്ടാക്കിയില്ല. 
എങ്ങിനെയെങ്കിലും പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചങ്ങനാശ്ശേരി സംഭവത്തെയും മുഖ്യമന്ത്രി കാണുന്നത്. അക്കാര്യം അദ്ദേഹം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചിറങ്ങിപ്പോയ സാഹചര്യത്തിൽ നിയമ സഭയിൽ ആവർത്തിച്ചു. അപ്പോൾ ഭരണനിരയിൽ നിറഞ്ഞ ആരവം.

Latest News