- ജനാധിപത്യ രീതിയിൽ വിമർശിക്കുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു
അൽകോബാർ അന്താരാഷ്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്‌കാരിക വേദി അൽകോബാർ വനിതാ വിഭാഗം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നിലപാടായി മാറിയിരിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രവാസി അൽകോബാർ മേഖല ജനറൽ സെക്രട്ടറി നൗഫർ മമ്പാട് അഭിപ്രായപ്പെട്ടു. നജീബിനെ കാമ്പസിൽ നിന്നും ഇല്ലാതാക്കിയതും ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നതും സഞ്ജീവ് ഭട്ടിനെ ജയിലിൽ അടച്ചതും എല്ലാം ഫാസിത്തിന്റെ ഓരോ സൂചനകളാണ്. സംഘ് പരിവാറിനെതിരെ ആരും ശബ്ദിക്കരുത് എന്നാണ് ആ സൂചന. ഇതിനെതിരെ ഓരോ വ്യക്തിയും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ സ്വന്തം അടയാളപ്പെടുത്തലുകൾ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവവും നിലപാടും മാറേണ്ടതുണ്ടെന്നും സ്ത്രീസമൂഹത്തെ ബഹുമാനിക്കുന്ന ഒരു ജനതയായി നാം മാറേണ്ടതുണ്ടെന്നും അധ്യക്ഷത വഹിച്ച പ്രവാസി വനിതാ വിഭാഗം പ്രസിഡന്റ് ജുവൈരിയ ഹംസ പറഞ്ഞു.
കർണാടകയിലെ ഹിജാബ് നിരോധനവും മീഡിയ വൺ ചാനലിന്റെ ലൈസെൻസ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയും അപലപനീയമാണെന്നും ജനാധിപത്യ ഇന്ത്യക്ക് ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ആയിഷാ ബക്കർ എറണാകുളം, ബാസില തെനാരി റിയാദ്, ഹിബ പർവീൺ നീലഗിരി, ജസീല മുജീബ് ദമാം, മോണിക്ക ജോസ് ബോംബെ എന്നിവർ വ്യത്യസ്ത ഭാഷയിൽ ഹിജാബിനെ കുറിച്ച് വീഡിയോ തയാറാക്കി അവതരിപ്പിച്ചു.
ഇന്നത്തെ ലിംഗ സമത്വം നാളത്തെ സുസ്ഥിരതക്കായി എന്ന വിഷയത്തിൽ താഹിറ ഷജീർ സംസാരിച്ചു. അശ്വതി പദ്മശങ്കർ സ്വാഗതവും ലുബ്‌ന റഹ്മാൻ നന്ദിയും പറഞ്ഞു. ആരിഫ ബക്കർ, അനീസ സിയാദ്, ആബിദ അഫ്‌സൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രവർത്തകർ പ്ലക്കാർഡ് പിടിച്ചു പ്രതീകാത്മക പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യ ഇന്ത്യയിൽ ഹിജാബിന് അയിത്തമോ എന്ന വിഷയത്തിൽ നടന്ന പ്രബന്ധ രചനാ മത്സര വിജയികളായ കദീജ ഹബീബ്, ഷാനിബ നവാസ്, ഫസീല കെ.എ. സുമയ്യ എന്നിവർക്ക് പർവേസ് മുഹമ്മദ്, അൻവർ സലീം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അഫ്ര റഹ്മാൻ, മിയ റഷീദ് എന്നീ കുട്ടികളുടെ ഡാൻസ്, അഷിമ ബന്ന, ജിൽഷ യൂസഫ്, നാദിറ ഷഫീഖ്, നഷ്‌വ റാസിഖ്, നിദ മുഹമ്മദ് അലി, സുമയ്യ ഷറഫാത്, ഷാനിബ നവാസ്, തൻസില ഫായിസ് എന്നിവർ അവതരിപ്പിച്ച സംഗീത ശിൽപം പരിപാടിക്ക് കൊഴുപ്പേകി. സെബ അലി അവതാരക ആയിരുന്നു.