അമൃതസര്‍- അഴിമതി തടയാന്‍ ദല്‍ഹി മോഡലുമായി പഞ്ചാബും. പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു. ഭഗത് സിംഗിന്റെ രക്തസാക്ഷിദിനമായ മാര്‍ച്ച് 23 ന് ഈ നമ്പര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തന്റെ സ്വകാര്യ നമ്പരായിരിക്കുമെന്നും കൈക്കൂലി ആവശ്യപ്പെട്ട് വരുന്നവരുടെ ഓഡിയോയും വീഡിയോയും അയക്കാമെന്നും അദ്ദേഹം പറഞ്ഞു.
99 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും സത്യസന്ധരാണ്, എന്നാല്‍ ഒരു ശതമാനം അഴിമതി കാണിക്കുന്നു. ഈ സമ്പ്രദായം അവസാനിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് മാത്രമാണ് സാധിക്കുക. അഴിമതി കാണിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുക തന്റെ ഉദ്ദേശമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഒരു തരത്തിലുള്ള സഹതാപവും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു.