Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനുപയോഗിച്ച കംപ്യൂട്ടര്‍ പിടിച്ചെടുത്തു

കൊച്ചി- ദിലീപിന്റെ ഫോണ്‍രേഖകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ഐ മാക്ക് കംപ്യൂട്ടര്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു. ഇയാളുടെ രണ്ട് ഐ ഫോണുകളും ഒരു ഐ പാഡും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ വിശദമായ ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍ പറഞ്ഞു.
ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണ് ദിലീപിന്റെ ഫോണിലെ ഡാറ്റ ഇയാള്‍ സ്വന്തം ഉപകരണത്തിന്റെ സഹായത്തോടെ നശിപ്പിച്ചത്. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ ഇതിനായി ഉപയോഗിച്ച വൈഫൈയുടെ പാസ്‌വേര്‍ഡ് ബി രാമന്‍പിള്ളയുടെ ഫോണ്‍ നമ്പറാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കുക മാത്രമാണ് പരിശോധനയുടെ ലക്ഷ്യമെന്നും എസ്.പി വ്യക്തമാക്കി. വീണ്ടെടുക്കുന്ന വിവരങ്ങള്‍ വധശ്രമ ഗൂഢാലോചനകേസുമായോ നടിയെ ആക്രമിച്ച കേസുമായോ ബന്ധമുള്ളതാണെങ്കില്‍ അതീവഗൗരവത്തോടെയാകും തുടര്‍ നടപടികളിലേക്ക് നീങ്ങുക. എന്നാല്‍ സ്വകാര്യ വിവരങ്ങളാണ് നശിപ്പിച്ചതെന്ന് വ്യക്തമായാല്‍ തുടര്‍ നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സായ് ശങ്കറിനെ അന്വേഷണം സംഘം നാളെ കൊച്ചിയില്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കി. സായി ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ സൈബര്‍ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡില്‍ രണ്ടു മൊബൈല്‍ ഫോണും ഒരു ഐ പോഡും പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനക്കയക്കും. സായ് ശങ്കറിന്റെ ഫഌറ്റിലും ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഫഌറ്റിലും ഭാര്യ നടത്തുന്ന ബൂട്ടിക്കിലുമായിരുന്നു പരിശോധന. റെയ്ഡ് നടക്കുമ്പോള്‍ സായ് ശങ്കര്‍ വീട്ടിലുണ്ടായിരുന്നില്ല. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ കോഴിക്കോട് ക്യാമ്പ് ചെയ്ത് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ചു. സി ഐ അനിലാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങള്‍ ഇയാളുടെ കൈവശമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ദിലീപ് അറിയാതെയാണ് ഇയാള്‍ വിവരങ്ങള്‍ കൈവശപ്പെടുത്തിയതെന്നും അന്വേഷണ സംഘത്തിന്് സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ തലേദിവസം പ്രതി ദിലീപുമായി ഫോണില്‍ സംസാരിച്ചതിന് ഈ കേസുമായി ബന്ധമില്ലെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ വിശദീകരിച്ചു. മറ്റൊരാള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം സംബന്ധിച്ച പരാതി അറിയിക്കാന്‍ ദിലീപ് തന്നെ വിളിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ താന്‍ തിരിച്ച് വിളിച്ചതെന്നും ഡിഐജി പറഞ്ഞു.

 

Latest News