തിരുവനന്തപുരം- കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനും നടനുമായ ബിനീഷ് കോടിയേരി തളളി. തന്നെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കരുത്. സംഭവവുമായി ബന്ധപ്പെടുത്തി തന്‍റെ പേരിൽ ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണനെതിരേ മാനനഷ്ടക്കേസ് നൽകുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തിൽ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കാൻ പോലീസ് തയാറാകണമെന്ന് ചൊവ്വാഴ്ച എ.എൻ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കേസിൽ പോലീസ് അന്വേഷിക്കുന്ന വിജീഷ് കതിരൂർ മനോജ് വധക്കേസിലെ പ്രതിയുടെ സഹോദരനാണെന്ന് പോലീസ് വെളിപ്പെടുത്തി. മനോജ് വധക്കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട സജിലേഷിന്‍റെ സഹോദരനാണ് വിജീഷ്. ഇയാൾ ഒളിവിലാണ്.