Sorry, you need to enable JavaScript to visit this website.

ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനി ഫറോക്കിൽ; പശുവിന് യു.ആർ.എഫ് ലോക റെക്കോർഡ്


കോഴിക്കോട്- ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന ബഹുമതി കോഴിക്കോട് ഫറോക്കിലെ മീനാക്ഷി കരസ്ഥമാക്കി. 26 ഇഞ്ച് ഉയരവും 35 ഇഞ്ച് നീളവും ഉള്ള മൂന്ന് വയസ്സുള്ള മീനാക്ഷിയെന്ന പശുവാണ് ഈ നേട്ടത്തിനുടമ. ഫറോക്ക് സഹീദ മൻസിലിലെ ക്ഷീര കർഷകൻ കെ.എം. മുഹമ്മദ് ബഷീറിന്റെ അരുമയാണ് മീനാക്ഷി എന്ന ഈ പശു. ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് മീനാക്ഷിക്ക് ഒരു കിടാവ് ജനിച്ചിരുന്നു. ഇതോടെ പ്രസവം നടന്ന ലോകത്തിലെ ചെറിയ പശുവെന്ന റിക്കോർഡും മീനാക്ഷിയ്ക്ക് സ്വന്തമായി. ഈ ഗണത്തിൽ വെച്ചൂർ പശുവിനാണ് നിലവിലെ ഗിന്നസ് റെക്കോർഡ്. 27.19 ഇഞ്ച് ഉയരം.
വെറ്ററിനറി സർജൻ ഡോ. ഇ.എം. മുഹമ്മദിന്റെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം മീനാക്ഷി മൂന്ന് വയസ്സുള്ള പൂർണ വളർച്ചയെത്തിയ പശുവാണ്. ആന്ധ്രയിലെ പുങ്കാനൂർ ഇനത്തിൽ പെട്ടതാണ് മീനാക്ഷി.
ഗിന്നസ് റെക്കോഡാണ് അടുത്ത ലക്ഷ്യമെന്ന് ഉടമസ്ഥൻ കെ.എം. മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യയിൽ വംശനാശം നേരിടുന്ന അപൂർവയിനം നാടൻ പശുക്കളെ പരിപാലിക്കുന്നതിൽ കൗതുക കണ്ടെത്തുന്ന ബഷീറിന്റെ കാലിത്തൊഴുത്തിൽ പത്തിനം നാടൻ പശുക്കളുണ്ട്. മികച്ച സഹകാരിയും കരുവൻ തുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും,സംയോജിത ജൈവ കൃഷി കൂട്ടായ്മയുടെ ഫറോക്ക് ഏരിയ ചെയർമാനുമാണ്. നാടൻ പശുക്കളിൽനിന്നും പോഷക മൂല്യമുള്ള പാലും പാലുൽപന്നങ്ങളും വിതരണം ചെയ്യുന്ന ഡിവൈൻ നാച്ചുറൽ എ ടു മിൽക്ക് സ്ഥാപനം നടത്തിപ്പിനായി രാജ്യത്തുടനീളം ഇദ്ദേഹം സഞ്ചരിക്കാറുണ്ട്.  
നാളെ വൈകുന്നേരം 5 മണിക്ക് ഫറോക്ക് കരുവൻതുരുത്തി മഠത്തിൽ പാടം സഹീദ മൻസിലിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം  മന്ത്രി പി.എ. മുഹമ്മദ് റിയാസ് യൂനിവേഴ്‌സൽ റെക്കോർഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കും.
യു.ആർ.എഫ് വേൾഡ് റെക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഡോ. ഇ.എം. മുഹമ്മദ്, കെ.എം. മുഹമ്മദ് ബഷീർ, ഗിന്നസ് പ്രജീഷ് കണ്ണൻ, വിനു തിരൂർ എന്നിവർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.

Latest News