ബേമിംഗ്ഹാം - തുടർച്ചയായ രണ്ടാം മത്സരത്തിലും കനത്ത വെല്ലുവിളി നേരിട്ടെങ്കിലും പി.വി സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി. തായ്‌ലന്റിന്റെ നിചാവോൻ ജിൻഡാപോളിനെ 21-13, 13-21, 21-18 ന് കീഴടക്കി. മലയാളി താരം എച്ച്.എസ് പ്രണോയ്‌യും ക്വാർട്ടറിലെത്തി.
രണ്ടാം ഗെയിമിൽ 11-3 ന് മുന്നിലെത്തിയ തായ്‌ലന്റുകാരി തിരിഞ്ഞുനോക്കിയില്ല. തിരിച്ചടിച്ച സിന്ധു 13-17 ലെത്തിയെങ്കിലും കളി നിർണായക ഗെയിമിലേക്ക് നീട്ടാൻ ജിൻഡാപോളിനായി. നിർണായക ഗെയിമിൽ ലീഡ് മാറിമറിഞ്ഞു. സിന്ധു 8-4 ന് മുന്നിലെത്തിയെങ്കിലും 9-9 ൽ ജിൻഡാപോൾ തുല്യത നേടി. 16-12 ൽ തായ്‌ലന്റുകാരി കളി ജയിക്കുമെന്ന് തോന്നി. 16-16, 18-18 ൽ സിന്ധു ഒപ്പമെത്തുകയും ഗെയിമും മത്സരവും സ്വന്തമാക്കുകയും ചെയ്തു.
കിഡംബി ശ്രീകാന്തും ഡബ്ൾസിലും മിക്‌സഡ് ഡബ്ൾസിലും ഓരോ ഇന്ത്യൻ ജോഡികളും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.