കീവ്- റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഉക്രൈന് പിന്തുണ പ്രഖ്യാപിക്കാനായി മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ കീവിലെത്തി. വെടിയൊച്ചകള്‍ നിറഞ്ഞ തലസ്ഥാനത്ത് ജീവന്‍ പണയം വെച്ചാണ് പോളണ്ട്, സ്ലൊവാനിയ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍ ഉക്രൈന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്‌കിയെ കാണാന്‍ കീവിലെത്തിയത്.
പോളണ്ടില്‍നിന്ന് ട്രെയിന്‍ കയറിയാണ് മൂന്ന് പ്രധാനമന്ത്രിമാര്‍ യുക്രൈനിലെത്തിയത്. സെലന്‍സ്‌കിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. 'നിങ്ങളുടെ ധീരമായ പോരാട്ടത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഞങ്ങളുടെ കൂടെ ജീവന് വേണ്ടിയാണ് നിങ്ങള്‍ പോരാടുന്നതെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുടെ രാജ്യങ്ങള്‍ നിങ്ങളുടെ പക്ഷത്തുണ്ട്- ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല പറഞ്ഞു.
റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉക്രൈനില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ പാശ്ചാത്യ നേതാക്കള്‍ കൂടിയാണിവര്‍. ധൈര്യം എന്താണെന്ന് യൂറോപ്പിനെ ഉക്രൈന്‍ ഓര്‍മിപ്പിക്കുകയാണെന്ന് പോളണ്ട് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി പറഞ്ഞു. 'അലസതയിലും ജീര്‍ണതയിലുമായ യൂറോപ്പ് വീണ്ടും ഉണര്‍ന്നു. യൂറോപ്പ് ഉയര്‍ത്തെഴുന്നേറ്റ് നിസ്സംഗതയുടെ മതില്‍ തകര്‍ത്ത് ഉക്രൈന് പ്രതീക്ഷ നല്‍കേണ്ട സമയമാണിത്' -അദ്ദേഹം വ്യക്തമാക്കി. സന്ദര്‍ശനം ഉക്രൈനുള്ള പിന്തുണയുടെ ശക്തമായ പ്രകടനമാണെന്ന് സെലന്‍സ്‌കി യൂറോപ്യന്‍ നേതാക്കളെ അറിയിച്ചു.