Sorry, you need to enable JavaScript to visit this website.

എന്തും എഴുതിവിടാം എന്നാണോ? ഇലക്ട്രോണിക് മാധ്യമങ്ങളോട് സുപ്രീം കോടതി

ന്യൂദൽഹി- ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ദി വയർ വാർത്താ പോർട്ടലിനെതിരെ നൽകിയ അപകീർത്തി കേസ് പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചു. പല ഇലക്ട്രോണിക് മാധ്യമങ്ങളുടെയും പ്രവർത്തനം തങ്ങൾക്ക് എന്തും എഴുതിവിടാം എന്ന രീതിയിലാണ്. രായ്ക്കുരാമാനം പോപ്പുമാരാകാമെന്ന് ഇലക്ട്രോണിക് മാധ്യമങ്ങൾ കുരതരുതെന്നും അദ്ദേഹം ശക്തമായ ഭാഷയിൽ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിഗണനയിലിരിക്കുന്ന ഈ കേസ് സംബന്ധിച്ചല്ല തന്റെ പരാമർശമെന്നും പൊതുവിൽ പറഞ്ഞതാണെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
ടി.വി ചാനലുകൾക്കും വെബ്‌സൈറ്റുകൾക്കുമെതിരെ ചീഫ് ജസ്റ്റിസ് ആഞ്ഞടിച്ചു. 'ഏതെങ്കിലും ചാനലിന്റെ പേരെടുത്തു പറയുന്നില്ല. ചിലർ കരുതുന്നത് തങ്ങൾ എന്തിനെ കുറിച്ചും വിധിപറയാനും പ്രസംഗിക്കാനും അധികാരമുള്ള  അധിപൻമാരെന്നാണ്. ഇതല്ല മാധ്യമപ്രവർത്തനത്തിന്റെ സംസ്‌കാരം,' അദ്ദേഹം വ്യക്തമാക്കി.
'സ്വതന്ത്രമായി എന്തും എഴുതാമെന്നാണോ? പലപ്പോഴും തികച്ചും കോടതിയലക്ഷ്യമാണ് അവർ ചെയ്യുന്നത്. തോന്നുന്നതെന്തും എഴുതാനാവില്ല. വാർത്ത അടിസ്ഥാനപരമായിരിക്കണം. എന്തും പടച്ചു വിടാനും പ്രചരിപ്പിക്കാനുമാവില്ല,'  ചീഫ് ജസ്റ്റിസ് പറഞ്ഞു. 
2014ൽ നരേന്ദ്ര മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു ശേഷം ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനിയുടെ ലാഭത്തിൽ 16,000 ഇരട്ടി അസാധാരണ വളർച്ചയുണ്ടായത് റിപ്പോർട്ട് ചെയ്ത ദി വയർ വാർത്താ പോർട്ടലിനെതിരായ അപകീർത്തി കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഈ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോടതിയിൽ നടന്നു വരുന്ന ദി വയറിനെതിരായ അപകീർത്തി കേസ് നടപടികൾ ഏപ്രിൽ 12 വരെ നിർത്തിവെക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഈ ദിവസം കേസ് വീണ്ടും കോടതി പരിഗണിക്കും. 
രേഖകളുടെ പിൻബലത്തിൽ തെളിവുകളോടെ എഴുതിയ റിപ്പോർട്ടാണിതെന്നും ഇത് അപകീർത്തി കേസായി വിചാരണ ചെയ്യാനാകില്ലെന്നുമാണ് ദി വയറിന്റെ വാദം.  കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ദി വയർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Latest News