Sorry, you need to enable JavaScript to visit this website.

പോലീസ് ഉന്നതര്‍ ദിലീപിനെ സഹായിക്കുന്നു; നശിപ്പിച്ചത് ഡി.ഐ.ജിയുടെ കോള്‍ വിവരങ്ങള്‍

കൊച്ചി- ദിലീപ് തന്റെ ഫോണില്‍ നിന്ന് നശിപ്പിച്ചത് ഡി.ഐ.ജി സഞ്ജയ് കുമാറിന്റെ ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങളെന്ന് സൂചന. ഫോറന്‍സിക് ലാബില്‍ ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ച് വാട്‌സ്് ആപ്പ് ചാറ്റ് ഡീറ്റെയ്ല്‍സ് വീണ്ടെടുത്തപ്പോഴാണ് ഡി.ഐ.ജിയുടെ ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണമാരംഭിച്ചു. ദിലീപിന് പോലീസിന്റെ ഉന്നതങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍ നല്‍കുന്ന സൂചന.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഡി.ഐ.ജിയുടെ ഫോണ്‍ വിളി. ജനുവരി എട്ടിന് രാത്രി 10.04നായിരുന്നു ഡിഐജി ദിലീപിനെ വിളിച്ചത്. ഇരുവരും നാല് മിനിറ്റ് 12 സെക്കന്റ് സംസാരിച്ചു. വാട്ട്സ്ആപ്പ് കോള്‍ വഴിയായിരുന്നു സംഭാഷണം. ഈ സംഭാഷണത്തിന് ശേഷമാണ് ദിലീപ് ഫോണ്‍ മാറ്റിയത്. ദിലീപ് അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജിയുടെ വാട്സ്ആപ്പ് കോള്‍.

അടുത്ത ദിവസം, ജനുവരി ഒന്‍പതിന് ദിലീപിനെയും സംഘത്തെയും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിഐജിയുടെ പങ്ക് മറച്ചുവെക്കാന്‍ അഭിഭാഷകരുടെ ഉപദേശ പ്രകാരം സ്വകാര്യ സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ വാട്‌സ് ആപ്പ് കാള്‍ സംബന്ധിച്ച വിവരങ്ങള്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ക്കാന്‍ കൊച്ചിയിലെ അഭിഭാഷകന്‍ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറന്‍സിക് പരിശോധയില്‍ കണ്ടെത്തിയത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്‍ സായിശങ്കര്‍ ഈ ഓഫിസില്‍ വെച്ചാണ് രേഖകള്‍ മായ്ച്ചതെന്നാണ് കണ്ടെത്തല്‍. സായിശങ്കറിനെ കേസില്‍ പ്രതിയാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഇയാളെ  ഉടന്‍ ചോദ്യം ചെയ്യലിനായി വിളിക്കും.

ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സായിശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഹരജിയിലെ പ്രധാന ആക്ഷേപം.ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നോട്ടീസ് നല്‍കാതെ സായിശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു.

ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. 12 വ്യത്യസ്ത നമ്പറിലേക്കുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് നശിപ്പിക്കപ്പെട്ടത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങള്‍ നശിപ്പിക്കപ്പെട്ടത്.

 

Latest News