ബംഗളൂരു- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ നാളെ ബന്ദ് ആചരിക്കുമെന്ന് കര്‍ണാടക അമീറെ ശരീഅത്ത് മൗലാന സാഗിര്‍ അഹമ്മദ് ഖാന്‍ റശാദി അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് ഖേദകരമാണെന്നും ബന്ദില്‍ സംസ്ഥാനത്തെ മുഴുവന്‍ മുസ്്‌ലിംകളും പങ്കെടുക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പ്രക്ഷോഭം തികിച്ചും സമാധാനപരമായിരിക്കണമെന്നും യുവാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കടകള്‍ ബലമായി അടപ്പിക്കരുത്. മുദ്രാവാക്യം വിളികളോ പ്രകടനങ്ങളോ പാടില്ല. സമാധാനപരമായ പ്രതിഷേധം വിധിക്കെതിരെ രോഷം പ്രകടിപ്പിക്കാന്‍ മാത്രമുള്ളതായിരിക്കണം- അദ്ദേഹം പറഞ്ഞു.
മതപരമായ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാഭ്യാസം നേടാന്‍ കഴിയണമെന്ന് അധികൃതരെ ഉണര്‍ത്തുകയാണ് ലക്ഷ്യം. നീതിയെ സ്‌നേഹിക്കുന്ന എല്ലാവരും പ്രതിഷേധത്തില്‍ പങ്കുചേരണമെന്നും റശാദി അഭ്യര്‍ഥിച്ചു.
കാമ്പസുകളില്‍ ഹിജാബ് ഉള്‍പ്പെടെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച ശരിവെച്ചിരുന്നു. മുസ്്‌ലിം മതാചാരപ്രകാരം ഹിജാബ് നിര്‍ബന്ധമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.