ശ്രീനഗര്‍- കശ്മീര്‍ ഫയല്‍സ് സിനിമയെ കേന്ദ്ര സര്‍ക്കാര്‍ ദുഷ്ടലാക്കോടെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇതിലൂടെ രണ്ട് സമുദായങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി ആരോപിച്ചു.
പഴയ മുറിവുകള്‍ ഉണക്കി ഇരു സമുദായങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുപകരം കേന്ദ്ര സര്‍ക്കാര്‍ 'കശ്മീര്‍ ഫയല്‍സ് സിനിമ പ്രോത്സാഹിപ്പിക്കുകയും കശ്മീരി പണ്ഡിറ്റുകളുടെ വേദന ആയുധമാക്കുകയും ചെയ്യുകണ്. സമുദായങ്ങളെ ബോധപൂര്‍വം വെട്ടിമുറിക്കാനാണ് ശ്രമമെന്നും മെഹബൂബ കുറ്റപ്പെടുത്തി.
കശ്മീര്‍ ഫയല്‍സ് പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രീതി നോക്കിയാല്‍ കശ്മീരി പണ്ഡിറ്റുകളുടെ വേദന ആയുധമാക്കുകയെന്ന ദുരുദ്ദേശം വ്യക്തമാണ്- മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
1990 കളുടെ തുടക്കത്തിലുണ്ടായ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രം.
സിനിമക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ സിനിമക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ട്.