കീവ്- ഉക്രൈനിൽ റഷ്യയുടെ അധിനിവേശം തുടങ്ങിയത് മുതൽ ഇതേവരെ കൊല്ലപ്പെട്ടത് 97 കുട്ടികൾ. ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയാണ് ഇക്കാര്യം പറഞ്ഞത്. റഷ്യൻ സൈന്യം എല്ലാം തകർക്കുകയാണെന്നും വീഡിയോ വഴി നടത്തിയ അഭിസംബോധനയിൽ സെലൻസ്‌കി ആരോപിച്ചു. സ്മാരക മന്ദിരങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, വീടുകൾ തുടങ്ങി എല്ലാം നശിപ്പിക്കുകയാണ് റഷ്യൻ സൈന്യം ചെയ്യുന്നതെന്നും സെലൻസ്‌കി പറഞ്ഞു. നീതിയല്ലാതെ മറ്റൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. യഥാർത്ഥ പിന്തുണയാണ് ഞങ്ങൾക്ക് വേണ്ടത്. ദുരന്തത്തിൽനിന്ന് രക്ഷിക്കാൻ അതുമാത്രമേ വഴിയുള്ളൂ. ഞങ്ങളുടെ ജീവൻ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ചർച്ചകൾക്കിടയിലും ഉക്രൈൻ തലസ്ഥാനത്ത് അടക്കം റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്. സാധാരണക്കാർ താമസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ വൻതോതിൽ ഷെല്ലാക്രമണം നടത്തി. നിരവധി പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം ആരംഭിച്ചതിനുശേഷം കീവിലേക്ക് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘമെത്തി. പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവേനിയ എന്നിവയുടെ നേതാക്കൾ ഉക്രൈന് ധാർമിക പിന്തുണ അറിയിച്ച് കീവിലെത്തി. കീവിൽ 35 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. അപകടകരമായ നിമിഷം എന്ന് വിളിച്ചാണ് കർഫ്യൂ പ്രഖ്യാപിച്ചത്. ഉക്രൈനിൽ റഷ്യയുടെ ആക്രമണം തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടു. ഇതിനിടയിലും യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ തുടരുകയാണ്.