ന്യൂദൽഹി- ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമല്ലെന്നും മൗലികാവകാശങ്ങളുടെ പരിഗണന ലഭിക്കില്ലെന്നുമുള്ള കർണാടക ഹൈക്കോടതി വിശാല ബഞ്ചിന്റെ വിധിക്കെതിരായ കേസിൽ സുപ്രീം കോടതിയിൽ കക്ഷി ചേരുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. സുപ്രിം കോടതിയിൽ അപ്പീൽ പോകുമെന്ന് കർണാടകയിലെ വിദ്യാർത്ഥിനികൾ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയതായി ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു പ്രസ്താവനയിൽ പറഞ്ഞു. വസ്ത്രസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഈ വിവാദം സംഘ് പരിവാർ സൃഷ്ടിക്കുന്ന നാടകമാണ്. മുസ്ലിംകളുടെ പൗരാവകാശങ്ങൾ നിഷേധിച്ച് അവരെ അപരവൽക്കരിക്കുക, മുസ്ലിം പെൺകുട്ടികൾ നേടിയ വിദ്യാഭ്യാസ പുരോഗതി പുറകോട്ട് വലിക്കുക വർഗീയ ധ്രുവീകരണം ശക്തമാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങൾ ഇതിനുണ്ട്. നീതി തേടി കോടതിയെ സമീപിച്ച പെൺകുട്ടികളോടൊപ്പം നിൽക്കേണ്ട ബാധ്യത കോടതിക്കുണ്ടായിരുന്നു. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ല എന്ന് പറയാൻ കോടതിക്ക് അധികാരമില്ല. പൗരാവകാശം സംരക്ഷിക്കേണ്ട കോടതി മതവിധി പുറപ്പെടുവിക്കുന്നത് ഇന്ത്യ പോലൊരിടത്ത് ആശാസ്യമല്ല. നീതിന്യായക്കോടതിയിലുള്ള വിശ്വാസം കൈമോശം വന്നിട്ടില്ലെന്നും മൗലികാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുൻനിരയിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.