ചെന്നൈ- സംസ്ഥാനത്ത് മെഗാ ബുക്ക് പാര്‍ക്ക് സ്ഥാപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയിലെ കലൈവാണര്‍ അരങ്ങില്‍ നടന്ന പരിപാടിയില്‍ തമിഴ് പണ്ഡിതര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ സമ്മാനിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബുക്സെല്ലേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുമായി (ബപാസി) കൂടിയാലോചിച്ച് സര്‍ക്കാര്‍ ഭൂമി നല്‍കും.
അന്തരിച്ച പിതാവും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം. കരുണാനിധിയാണ് മെഗാ ബുക്ക് പാര്‍ക്ക് എന്ന ആശയം വിഭാവനം ചെയ്തതെന്നും എന്നാല്‍ പല കാരണങ്ങളാല്‍ അത് യാഥാര്‍ത്ഥ്യമായില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. പുസ്തക വില്‍പനക്കാര്‍, അച്ചടിക്കാര്‍, പ്രസാധകര്‍, എഴുത്തുകാര്‍, എന്നിവര്‍ക്ക് മെഗാ ബുക്ക് പാര്‍ക്ക് ഒരു വേദിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ എല്ലാ സാംസ്‌കാരിക സാഹിത്യ ചര്‍ച്ചകള്‍ക്കും ബുക്ക് പാര്‍ക്ക് ഒരു മേഖലയായിരിക്കുമെന്നും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രസാധകര്‍ ബുക്ക് പാര്‍ക്കില്‍ സ്റ്റാളുകള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ പുതിയ പുസ്തകങ്ങളും പാര്‍ക്കില്‍ ഉണ്ടാകുമെന്നും പാര്‍ക്കിന് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.