ദുബായ്- കുട്ടികളെ ഓണ്‍ലൈനില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്ന കേസുകളില്‍ യു.എ.ഇയില്‍ ഗണ്യമായ കുറവുണ്ടായതായി അബുദാബിയില്‍ നടന്ന കുട്ടികളുടെ ഫോറത്തില്‍ യു.എ.ഇ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരി വേളയില്‍ ലോകമെമ്പാടും ഇത്തരം കേസുകള്‍ കാര്യമായി വര്‍ധിച്ചിരുന്നു.
2020 ലെ അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ കേസുകളുടെ എണ്ണത്തില്‍ ആഗോള വര്‍ധനവ് കാണിക്കുന്നതായി വേള്‍ഡ് ഏര്‍ളി ചൈല്‍ഡ്ഹുഡ് ഡെവലപ്മെന്റ് (ഡബ്ല്യു.ഇ.ഡി) ഫോറത്തിലെ മുഖ്യ പ്രസംഗത്തില്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. 2019 നെ അപേക്ഷിച്ച് കോവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം 106 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍.
ഇക്കാര്യത്തില്‍ യു.എ.ഇ മികച്ച വിജയമാണ് നേടിയതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം കേസുകളുടെ എണ്ണത്തില്‍ 34 ശതമാനം കുറവ് കൈവരിക്കാന്‍ നിരന്തര പരിശ്രമങ്ങളിലൂടെ സാധിച്ചു. കുട്ടികള്‍ ഭാവിയുടെയും പ്രതീക്ഷയുടെയും പ്രതീകമാണെന്ന് ശൈഖ് സെയ്ഫ് പറഞ്ഞു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ഒരു ഏകീകൃത ആഗോള സമീപനം സ്ഥാപിക്കുന്നതിന് 95 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 'വി പ്രൊട്ടക്റ്റ്' എന്ന ആഗോള സഖ്യത്തിലൂടെ യു.എ.ഇ ശ്രമിക്കുന്നുണ്ട്.