റഷ്യയും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നു
ലണ്ടന്‍- ചാരനേയും മകളേയും കൊലപ്പെടുത്താന്‍ റഷ്യ നടത്തിയ നെര്‍വ് ഏജന്റ് ആക്രമണത്തെ യു.കെയോടോപ്പം ഫ്രാന്‍സും ജര്‍മനിയും അമേരിക്കയും ശക്തിയായി അപലിച്ചു. സംഭവത്തില്‍ റഷ്യ നല്‍കുന്ന വിശദീകരണങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്നും അവര്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും സംയുക്ത പ്രസ്താവനയില്‍ വിമര്‍ശിച്ചു. യു.കെയുടെ പരമാധികാരത്തിനുനേരെ നടന്ന ആക്രമണമാണിതെന്നും രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായാണ് യൂറോപ്പില്‍ നെര്‍വ് ഏജന്റ് വിഷപ്രയോഗത്തിലൂടെയുള്ള കൊലപാതകശ്രമം നടക്കുന്നതെന്നും സഖ്യരാജ്യങ്ങള്‍ ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിട്ടന്‍ 23 റഷ്യന്‍ നയത്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ആക്രമണം നടന്ന വില്‍റ്റ്‌ഷെയര്‍ പ്രധാനമന്ത്രി തെരേസ മേ സന്ദര്‍ശിച്ചു.
ഇരട്ട ചാരനുനേരെയുണ്ടായ നേര്‍വ് ഏജന്റ് ആക്രമണത്തില്‍ നയതന്ത്ര ഉദ്യോഗഗസ്ഥരെ പുറത്താക്കിയ ബ്രിട്ടിഷ് നടപടിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ചു റഷ്യ രംഗത്തുവന്നു. റഷ്യയിലെ ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ ഉടന്‍ പുറത്താക്കുമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലേവ്‌റോ പ്രഖ്യാപിച്ചു. ആരോപണങ്ങള്‍ ആവര്‍ത്തിച്ചു നിഷേധിച്ച അദ്ദേഹം ബ്രിട്ടിഷ് നടപടിക്കെതിരെ ശക്തമായ പ്രതികരണം ഉറപ്പാണെന്നും വ്യക്തമാക്കി.
മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും വിഷബാധയേറ്റ സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്ന കാര്യം കഴിഞ്ഞ ദിവസമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരോടു രാജ്യം വിടാനാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ റഷ്യയുടെ അനൗദ്യോഗിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്നും ബ്രിട്ടന്‍ ആരോപിച്ചു.
റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ പ്രതിനിധികളോ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പ്രതിനിധികളോ പങ്കെടുക്കില്ലെന്നും തെരേസ മേ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്കു കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ചരക്കുനീക്കത്തിനുള്ള കസ്റ്റംസ് പരിശോധന കര്‍ശനമാക്കും. പൗരന്മാര്‍ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്നു തോന്നുന്ന ബ്രിട്ടനിലെ റഷ്യന്‍ സ്വത്തുക്കള്‍ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിഷബാധയേറ്റ സ്‌ക്രിപാലും (66) മകള്‍ യൂലിയയും(33) ആശുപത്രിയില്‍ അപകടനില തരണം ചെയ്തിട്ടില്ല.