ന്യൂദല്‍ഹി- മീഡിയ വണ്‍ ചാനലിന് പ്രവര്‍ത്തന അനുമതി നിഷേധിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.
ചാനലിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പായി നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണെന്നും മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ടി.എന്‍ പ്രതാപന്‍ എംപിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
രാജ്യ സുരക്ഷയ്‌ക്കെതിരേ പ്രവര്‍ത്തിച്ച ചാനലുകള്‍ക്കെതിരെ എടുത്ത നടപടിയില്‍ വിശദീകരണത്തിന് മതിയായ സമയം നല്‍കിയിരുന്നുവെന്ന് വാര്‍ത്താ വിതരണ സഹമന്ത്രി എല്‍. മുരുകനും ലോക്‌സഭയില്‍ വ്യക്തമാക്കി. നടപടി നേരിട്ട ചാനലുകള്‍ക്ക് വിശദീരണം നല്‍കാന്‍ ധാരാളം സമയം നല്‍കിയിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്.
സ്വകാര്യ ടിവി ചാനലുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ഏതെങ്കിലും ചാനല്‍ രാജ്യ സുരക്ഷയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നു ബോധ്യപ്പെട്ടാല്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കും. അതോടെ സ്വാഭാവികമായി ചാനലിന് വാര്‍ത്താ വിതരണം മന്ത്രാലയം നല്‍കിയിരിക്കുന്ന ലൈസന്‍സ് റദ്ദാകുകയും ചെയ്യുമെന്ന് മന്ത്രി ചോദ്യോത്തര വേളയില്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. രാജ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ട്. ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ ചില ചാനലുകള്‍ നല്‍കിയിട്ടില്ല. മറ്റു ചില ചാനലുകള്‍ കാരണ കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. അതിനാലാണ് നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ് എന്നിവരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.