ന്യൂദല്‍ഹി- കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ സംസാരിക്കുന്നത് ആര്‍എസ്എസ്/ബിജെപി ഭാഷയിലെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍. ഗാന്ധി കുടുംബത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് മാറ്റി കോണ്‍ഗ്രസ് പാര്‍ട്ടിയേയും അതുവഴി ഇന്ത്യ എന്ന ആശയത്തേയും കൊല്ലാനാണ് ആര്‍എസ്എസ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിമാരുടെ നേതൃത്വമില്ലാത്ത കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയായി മാറും. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ എളുപ്പമായാല്‍ ഇന്ത്യയെന്ന ആശയത്തേയും തകര്‍ക്കാം. സിബലിന് ഇത് അറിയാം. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ആര്‍എസ്എസ് ബിജെപി ഭാഷയില്‍ സംസാരിക്കുന്നത്- മാണിക്കം ട്വീറ്റിലൂടെ ചോദിച്ചു.
സിബലിന് കോണ്‍ഗ്രസിന്റെ എബിസി അറിയില്ലെന്നും അദ്ദേഹം കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ പശ്ചാത്തലമുള്ള നേതാവല്ലെന്നും മുതിര്‍ന്ന നേതാവ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. സിബല്‍ പ്രമുഖ അഭിഭാഷകനായാണ് കോണ്‍ഗ്രസിലെത്തിയത്. സോണിയയും രാഹുലും അദ്ദേഹത്തിന് ഒട്ടേറെ അവസരങ്ങള്‍ നല്‍കി. കോണ്‍ഗ്രസിന്റെ എബിസി അറിയാത്ത ഒരാളില്‍ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവന പ്രതീക്ഷിക്കുന്നില്ലെന്നും ഗെലോട്ട് പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയത്. പാര്‍ട്ടി നേതൃത്വം മൂഢസ്വര്‍ഗത്തിലാണെന്നും രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും കപില്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ മറ്റു നേതാക്കള്‍ക്കും അവസരം നല്‍കണം. എല്ലാവരുടേയും കോണ്‍ഗ്രസാണ് വേണ്ടത്, കുടുംബത്തിന്റേ കോണ്‍ഗ്രസല്ല എന്നും കപില്‍ തുറന്നടിച്ചിരുന്നു. ശശി തരൂര്‍, മനീഷ് തിവാരി പോലെ കഴിവുറ്റ നേതാക്കളെ പാര്‍ലമെന്റില്‍ പോലും പാര്‍ട്ടിക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ പരമോന്ന സമിതിയായ പ്രവര്‍ത്തക സമിതിയില്‍ നേതൃത്വം നാമനിര്‍ദേശം ചെയ്ത അംഗങ്ങളാണ് ഉള്ളത്. ഇവര്‍ ഒരിക്കലും നേതാക്കളെ മാറ്റണം എന്ന് ആവശ്യപ്പെടാന്‍ പോകുന്നില്ല. പ്രവര്‍ത്തക സമിതിയിലും എഐസിസിയിലും ജനാധിപത്യരീതിയില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തി നേതാക്കളെ കണ്ടെത്തണമെന്നും സിബല്‍ പറയുന്നു.