Sorry, you need to enable JavaScript to visit this website.

തീവ്രാദികള്‍ ബി.ജെ.പി ഓഫീസില്‍; കേന്ദ്രമന്ത്രിക്ക് രാബ്‌റി ദേവിയുടെ ചുട്ട മറുപടി 

പട്‌ന- ബിഹാറില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി വിജയിച്ച അരാരിയ തീവ്രവാദികളുടെ കേന്ദ്രമാകുമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ വിദ്വേഷ പ്രസംഗം. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി ബി.ജെ.പിയെ തറപറ്റിച്ചത്.
നേപ്പാളുമായും പശ്ചിമബംഗാളുമായും അതിര്‍ത്തി പങ്കിടുന്ന അരാരിയ ഇനി ബിഹാറിനു മാത്രമല്ല രാജ്യത്തിനു തന്നെ ഭീഷണയാകുന്ന ഭീകര കേന്ദ്രമായി മാറുമെന്നാണ് മന്ത്രിയുടെ പ്രസ്താവന.
ഗിരിരാജ് സിംഗിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ രാബ്‌റി ദേവി രംഗത്തെത്തി. രാജ്യത്തെ മൊത്തം തീവ്രവാദികളും ബി.ജെ.പി ഓഫീസിലാണുള്ളതെന്ന് അവര്‍ തിരിച്ചടിച്ചു. വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി മന്ത്രി അരാരിയയിലെ വോട്ടര്‍മാരെ അപമാനിച്ചിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ ചുട്ടമറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇതിനാലാണ് അവര്‍ നെറ്റിചുളിക്കുന്നത്. ബിഹാറിലേയും ഉത്തര്‍ പ്രദേശിലേയും ജനങ്ങള്‍ വഴികാട്ടുകയാണെന്നും രാബ്‌റി ദേവി പറഞ്ഞു.
മന്ത്രി ഗിരിരാജ് സിംഗ് നാവ് നിയന്ത്രിച്ചില്ലെങ്കില്‍ 2019ല്‍ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങിക്കോളൂ എന്ന മുന്നറിയിപ്പും രാബ്‌റി ദേവി നല്‍കി. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആര്‍.ജെ.ഡി യുവ നേതാവ് തേജസ്വി യാദവും സിംഗിനെതിരെ രംഗത്തെത്തി. ഈ മനുഷ്യന്‍ ഒരു കേന്ദ്ര മന്ത്രിയാണ്. ദൗര്‍ഭാഗ്യവശാല്‍ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് തന്റെ പാര്‍ട്ടിയാണെന്ന ബോധം പോലും ഇയാള്‍ക്കില്ലാതെ പോയി. അദ്ദേഹവും ബി.ജെ.പിയും നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് അദ്ദേഹത്തോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയോ പിന്തുണ പിന്‍വലിക്കുകയോ ചെയ്യുന്നില്ല. ഇത് നിതീഷ് കുമാറിന് നാണക്കേടാണ്- തേജസ്വി പറഞ്ഞു. 
 

Latest News