മോസ്‌കോ- ടെലിവിഷന്‍ ചാനലില്‍ വാര്‍ത്താ വായന തുടരുന്നതിനിടെ ഉക്രൈന്‍ യുദ്ധവിരുദ്ധ പോസ്റ്ററുമായി എഡിറ്റര്‍. റഷ്യന്‍ ഔദ്യോഗിക ചാനല്‍ വണിലെ സായാഹ്ന വാര്‍ത്തക്കിടെയാണ് സംഭവം.
'യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തുക, പ്രചാരണം വിശ്വസിക്കരുത്, അവര്‍ ഇവിടെ നിങ്ങളോട് കള്ളം പറയുകയാണ്. എന്നെഴുതിയ പോസ്റ്ററാണ് വാര്‍ത്താവതാരകക്കു പിന്നില്‍ പ്രദര്‍ശിപ്പിച്ചത്.
ചാനലിലെ എഡിറ്ററായ മറീന ഒവ്‌സ്യാനിക്കോവയാണ് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്. റഷ്യന്‍ ടിവി വാര്‍ത്തകള്‍ അധികൃതര്‍ കര്‍ശനമായി നിയന്ത്രിക്കുകയും ഉക്രൈനിലെ സംഭവങ്ങളുടെ റഷ്യന്‍ പതിപ്പ് മാത്രം അവതരിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് വിവാദ സംഭവം.
മിസ് ഒവ്‌സിയാനിക്കോവ പോലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
'യുദ്ധം വേണ്ട! യുദ്ധം നിര്‍ത്തൂ!' എന്ന യുവതിയുടെ ശബ്ദം പ്രക്ഷേപണത്തിനിടെ കേള്‍ക്കാമായിരുന്നു.
വാര്‍ത്തക്കിടെ തത്സമയം നടത്തിയ പ്രതിഷേധത്തിന് മുമ്പ്, ഉക്രൈനിലെ സംഭവങ്ങള്‍ പച്ചയായ കുറ്റകൃത്യമാണെന്ന്് വിശേഷിപ്പിച്ചുകൊണ്ട് എഡിറ്റര്‍ മറീന ഒവ്‌സ്യാനിക്കോവ സന്ദേശം റെക്കോര്‍ഡ് ചെയ്തിരുന്നു. റഷ്യന്‍ അധികൃതര്‍ നടത്തുന്ന പ്രചാരണത്തില്‍ ലജ്ജിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
ടെലിവിഷന്‍ സ്‌ക്രീനില്‍ കള്ളം പറയാന്‍ നിര്‍ബന്ധിതയായതില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നു പറഞ്ഞ അവര്‍
യുദ്ധത്തിനെതിരെ പ്രതിഷേധിക്കാന്‍ റഷ്യന്‍ ജനതയെ ആഹ്വാനം ചെയ്തു.