ന്യൂദല്‍ഹി- കശ്മീര്‍ കലാപവും പണ്ഡിറ്റുകളുടെ പലായനവും വിഷയമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കൊടി ഉയര്‍ത്തിയ പലരും കഴിഞ്ഞ അഞ്ചാറ് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തില്‍ സിനിമയെ വിശകലനം ചെയ്യേണ്ട തിനുപകരം, സിനിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്- പ്രധാനമന്ത്രി മോഡി പറഞ്ഞു.
സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി, ഭാര്യയും നടിയുമായ പല്ലവി ജോഷി, നിര്‍മാതാവ് അഭിഷേക് എന്നിവരുള്‍പ്പെടെയുള്ള സംഘം നേരത്തെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ചിത്രത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
630 സ്‌ക്രീനുകളില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ ദിനം 4.25 കോടി കളക്ഷന്‍ നേടി. രണ്ടാം ദിനമായ ശനിയാഴ്ച്ച 10.10 കോടി നേടിയതോടെ 2000 സ്‌ക്രീനുകളിലായി ചിത്രത്തിന്റെ പ്രദര്‍ശനം വര്‍ധിപ്പിച്ചു.